മനാമ: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി, നാളെ മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ലാസുകൾ ഓൺലൈൻ വഴിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം പ്രീ-സ്കൂളുകൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.
അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വിദ്യാഭ്യാസ പ്രക്രിയയുടെ തുടർച്ചയും വിദ്യാർത്ഥികളുടെ കൃത്യമായ ഹാജരും ഉറപ്പാക്കാൻ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് മന്ത്രാലയം അറിയിച്ചു.
ഓൺലൈൻ പഠന രീതിയിലേക്ക് മാറുന്നതിനോ അക്കാദമിക് ഷെഡ്യൂളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കോ സാങ്കേതിക സഹായം ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷൻ ആൻഡ് അറ്റാഷെ ഡയറക്ടറേറ്റിനെ ബന്ധപ്പെടാവുന്നതാണ്. ഇതിനായുള്ള അടിയന്തര സഹായം +17873372 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലൂടെയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.moe.gov.bh വഴിയോ 24 മണിക്കൂറും ലഭ്യമാണ്.
വിദ്യാഭ്യാസ പ്രക്രിയയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം അടിവരയിട്ടു പറഞ്ഞു.









