മനാമ: നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്നതിനും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹ്‌റൈനിലെ പ്രമുഖ ബാങ്കുകള്‍ ഇടപാട് പരിധി താല്‍ക്കാലികമായി ഉയര്‍ത്തുകയും സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കുകയും ചെയ്തു. പ്രതിദിന എടിഎം പിന്‍വലിക്കല്‍ പരിധി 3,000 ദിനാറായും, പോയിന്റ് ഓഫ് സെയില്‍, ഇ-കോമേഴ്സ് ഇടപാട് പരിധി 6,000 ദിനാറായും ഉയര്‍ത്തി.
കൂടാതെ, ക്രെഡിറ്റ് പരിധി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫീസുകള്‍ ബാങ്കുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും. ബാങ്കുകളുടെ മൊബൈല്‍ ആപ്പുകള്‍ വഴി ഈ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കാവുന്നതാണ്.
വിപണിയിലെ സ്ഥിരത നിലനിര്‍ത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ നടപടികളെന്ന് ബാങ്കിംഗ് മേഖലയിലെ വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ആനുകൂല്യങ്ങള്‍ തുടരുന്നതാണ്.









