small icons
small icons

ടെലികോം സേവനങ്ങള്‍ തടസ്സപ്പെടില്ലെന്ന് ഉറപ്പാക്കാന്‍ ബഹ്റൈന്‍; കമ്പനികള്‍ സന്ദര്‍ശിച്ച് മന്ത്രി

New Project (62)

മനാമ: പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സേവനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും വിവിധ അതോറിറ്റികള്‍ തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ടെലികമ്മ്യൂണിക്കേഷന്‍ മേഖലയെ കൂടുതല്‍ സജ്ജമാക്കാന്‍ ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ ഖലീഫ വ്യക്തമാക്കി.

ദേശീയ സുരക്ഷയുടെയും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെയും നട്ടെല്ലാണ് ടെലികമ്മ്യൂണിക്കേഷന്‍ മേഖലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ടെലികോം കമ്പനികള്‍ നടത്തുന്ന പരിശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

സേവനദാതാക്കളുടെ മുന്‍കരുതല്‍ നടപടികളും പ്രവര്‍ത്തനപദ്ധതികളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എല്ലാ സാഹചര്യങ്ങളിലും തടസ്സമില്ലാത്ത നെറ്റ്വര്‍ക്ക് സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളില്‍ സന്ദര്‍ശനം നടത്തി.

സിറ്റി സെന്റര്‍ ബഹ്റൈനിലെ ബറ്റല്‍കോ ബ്രാഞ്ചില്‍ എത്തിയ മന്ത്രിയെ ബിയോണ്‍ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ഖലീഫ അല്‍ ഖലീഫയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്വീകരിച്ചു. നെറ്റ്വര്‍ക്ക് സന്നദ്ധതയെക്കുറിച്ചും സേവന തുടര്‍ച്ച ഉറപ്പാക്കാനുള്ള നടപടികളെക്കുറിച്ചും അദ്ദേഹം അവിടെ വിശദമായി ചര്‍ച്ച ചെയ്തു.

തുടര്‍ന്ന് അതേ സമുച്ചയത്തിലെ എസ്ടിസി ബഹ്റൈന്‍ ബ്രാഞ്ച് സന്ദര്‍ശിച്ച അദ്ദേഹം, സിഇഒ ഖാലിദ് അല്‍ ഒസൈമിയുമായി നെറ്റ്വര്‍ക്ക് കാര്യക്ഷമതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിച്ചു. സീഫ് ഡിസ്ട്രിക്റ്റിലെ സൈന്‍ ബഹ്റൈന്‍ ആസ്ഥാനത്ത് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുള്ള സൈന്‍ അല്‍ ആബിദീനുമായി കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ സാങ്കേതിക വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി.

ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നതിനുമുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ അദ്ദേഹം ബിനെറ്റ് സന്ദര്‍ശിക്കുകയും സിഇഒ അഹമ്മദ് ജാബര്‍ അല്‍ ദോസരിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ടെലികോം ഉദ്യോഗസ്ഥര്‍ നന്ദി അറിയിച്ചു. ഏത് സാഹചര്യത്തിലും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ തടസ്സമില്ലാതെ നല്‍കാന്‍ തങ്ങള്‍ സജ്ജമാണെന്ന് അവര്‍ ഉറപ്പുനല്‍കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!