മനാമ: ഇറാന്റെ ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും നാലുപേരെ അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിക്ക് കീഴിലുള്ള ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റാണ് ഇവരെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
പ്രതികള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വീഡിയോകള്‍ പ്രചരിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ രാജ്യദ്രോഹമായി കണക്കാക്കുമെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമിടയില്‍ ഭീതി പടര്‍ത്താനും രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഹാനികരണമുണ്ടാക്കാനും കാരണമാകുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളോ വാര്‍ത്തകളോ പ്രചരിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിയമനടപടികള്‍ ഒഴിവാക്കാനും രാജ്യത്തിന്റെ സുരക്ഷയും സമാധാനവും സംരക്ഷിക്കാനും എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.









