ന്യൂഡല്‍ഹി: വിവിധ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ സ്‌കൂളുകളില്‍ മാര്‍ച്ച് 9 മുതല്‍ മാര്‍ച്ച് 11 വരെ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) മാറ്റിവെച്ചു.
മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. ബഹ്‌റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകള്‍ക്കാണ് ഈ തീരുമാനം ബാധകമാകുന്നത്.
സര്‍ക്കുലര്‍ പ്രകാരം മാര്‍ച്ച് 9, 10, 11 തീയതികളില്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. മാര്‍ച്ച് 12 മുതലുള്ള പരീക്ഷകളുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് മാര്‍ച്ച് 10ന് ബോര്‍ഡ് സാഹചര്യം വീണ്ടും വിലയിരുത്തും.
വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്‌കൂളുകളുമായി നിരന്തരം ബന്ധപ്പെടണമെന്നും പുതുക്കിയ പരീക്ഷാ കലണ്ടറിനായുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും സിബിഎസ്ഇ നിര്‍ദ്ദേശിച്ചു.









