മനാമ: ഇന്ന് പുലര്‍ച്ചെ സിത്ര മേഖലയിലുണ്ടായ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.
ആക്രമണത്തില്‍ 17 വയസ്സുള്ള പെണ്‍കുട്ടിക്ക് തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. 7 ഉം 8 ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ക്ക് കാലുകള്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. പരിക്കേറ്റവരില്‍ ഏറ്റവും പ്രായം കുറഞ്ഞത് രണ്ട് മാസം പ്രായമുള്ള ഒരു ശിശുവാണ്.
പരിക്കേറ്റവരെല്ലാം ബഹ്റൈന്‍ പൗരന്മാരാണെന്നും അംഗീകൃത മെഡിക്കല്‍ പ്രോട്ടോക്കോളുകള്‍ പ്രകാരം അവര്‍ക്ക് നിലവില്‍ ചികിത്സ നല്‍കിവരികയാണെന്നും മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവര്‍ വിദഗ്ധ മെഡിക്കല്‍ സംഘങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.
രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങള്‍ ആരംഭിച്ചത് മുതല്‍ പ്രധാന വകുപ്പുകളിലെല്ലാം ആരോഗ്യ സംവിധാനത്തിന്റെ സജ്ജീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ ആശുപത്രികളും എമര്‍ജന്‍സി യൂണിറ്റുകളും പൂര്‍ണ്ണ സജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.









