മനാമ: നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഗൾഫ് എയർ വിമാനങ്ങളും കാർഗോ വിമാനങ്ങളും താൽക്കാലികമായി മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റി. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.
യാത്രക്കാരില്ലാതെയാണ് ഈ വിമാനങ്ങൾ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വ്യോമാതിർത്തി വീണ്ടും തുറക്കുമ്പോൾ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഈ മുൻകരുതൽ നടപടി. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവിധ എയർലൈൻ ഓപ്പറേറ്റർമാരുമായി സഹകരിച്ചാണ് ഈ വിമാന പുനർവിന്യാസം പൂർത്തിയാക്കിയത്. ഇത്തരം സാഹചര്യങ്ങളിൽ വിമാനക്കമ്പനികൾ സ്വീകരിക്കുന്ന സ്വാഭാവികമായ ഒരു മുൻകരുതൽ നടപടി മാത്രമാണിതെന്ന് അധികൃതർ വ്യക്തമാക്കി.









