മനാമ: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാന സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി അറിയിച്ച് ‘നവ ഭാരത്’. അടുത്ത ആഴ്ച ദമ്മാമില്‍ നിന്ന് മുംബൈ, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് നാല് ഗള്‍ഫ് എയര്‍ വിമാനങ്ങളാണ് ഗ്രൂപ്പ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്.
മാര്‍ച്ച് 17, 18 തീയതികളിലായി ദമ്മാമില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഓരോ വിമാനത്തിലുമുള്ള 192 സീറ്റുകളും ഇതിനോടകം വിറ്റുതീര്‍ന്നു. കൂടാതെ, മാര്‍ച്ച് 19 ന് ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്ക് 282 സീറ്റുകളുള്ള വിമാനം സര്‍വീസ് നടത്തും. ഇതേ ദിവസം തന്നെ ഹൈദരാബാദിലേക്ക് 192 സീറ്റുകളുള്ള വിമാനവും ഉണ്ടായിരിക്കും.
നേരത്തെ മാര്‍ച്ച് 15-ന് നിശ്ചയിച്ചിരുന്ന വിമാനത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാര്‍ച്ച് 17-ലെ വിമാനത്തില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. കൊച്ചി, ഹൈദരാബാദ് വിമാനങ്ങളില്‍ നിലവില്‍ സീറ്റുകള്‍ ലഭ്യമാണ്.
ബഹ്റൈനില്‍ നിന്നുള്ള യാത്രാ സൗകര്യവും സൗദി ട്രാന്‍സിറ്റ് വിസയും ഉള്‍പ്പെടെ ഒരാള്‍ക്ക് 310 ബഹ്റൈന്‍ ദിനാറാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക്, 33122622, 33604210, 35991747 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.









