മനാമ: പ്രാദേശികമായ സംഘര്‍ഷങ്ങള്‍ക്കിടയിലും ബഹ്റൈനിലെ പഴം വിപണികള്‍ സാധാരണ നിലയില്‍. അതേസമയം, നാരങ്ങയുടെ വിലയില്‍ അപ്രതീക്ഷിത വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയവയുടെ വില സ്ഥിരമായി തുടരുമ്പോള്‍ നാരങ്ങയുടെ വില മാത്രം വര്‍ധിച്ചിട്ടുണ്ട്.
വിയറ്റ്നാമില്‍ നിന്നുള്ള നാരങ്ങകള്‍ക്കാണ് ഏറ്റവും വലിയ വിലവര്‍ദ്ധനവ് ഉണ്ടായത്. ഇതിന്റെ വില മുന്‍പത്തേതിനേക്കാള്‍ ഏകദേശം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ദക്ഷിണാഫ്രിക്കന്‍ നാരങ്ങകളുടെ വിലയിലും നേരിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ മറ്റ് ഇനം നാരങ്ങകളുടെ വിലയില്‍ വലിയ മാറ്റങ്ങള്‍ പ്രകടമല്ല.
ബഹ്റൈനിലെ ഇഫ്താര്‍ വിരുന്നുകളില്‍ നാരങ്ങയ്ക്ക് സവിശേഷമായ സ്ഥാനമാണുള്ളത്. നോമ്പുതുറ സമയത്തെ പാനീയങ്ങളിലും സാലഡുകളിലും ഗ്രില്‍ ചെയ്ത വിഭവങ്ങളിലും നാരങ്ങ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. പ്രാദേശിക സംഘര്‍ഷങ്ങള്‍ വിതരണ ശൃംഖലയെ ബാധിച്ചതും വില വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.
വിയറ്റ്നാമീസ് നാരങ്ങകള്‍ സാധാരണയായി യുഎഇ ജബല്‍ അലി പോര്‍ട്ട് വഴിയാണ് ബഹ്റൈനില്‍ എത്തുന്നത്. നിലവിലെ പ്രാദേശിക സാഹചര്യങ്ങള്‍ കാരണം ഈ തുറമുഖത്തെ ചരക്ക് നീക്കത്തിലുണ്ടായ തടസ്സങ്ങള്‍ ബഹ്റൈനിലെ വിലയെയും ബാധിച്ചു. നാരങ്ങയുടെ വില വര്‍ദ്ധിച്ചെങ്കിലും, മറ്റ് പഴങ്ങളുടെ വിപണി സ്ഥിരതയോടെ തുടരുന്നത് ആശ്വാസകരമാണ്.









