മനാമ: പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുകയും താമസക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുകയും ചെയ്യുന്ന രീതിയിലുള്ള വാഹനാഭ്യാസങ്ങളും നിയമലംഘനങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ വീണ്ടും കർശന നടപടികളുമായി ബഹ്‌റൈൻ അധികൃതർ. മസക്കാർക്കിടയിൽ പരിഭ്രാന്തി പരത്തിയ സംഭവത്തില്‍ നിരവധി ഡ്രൈവര്‍മാരെ ബഹ്റൈന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങള്‍ 60 ദിവസത്തേക്ക് കണ്ടുകെട്ടി.
പൊതുസമാധാനം ലംഘിച്ചതിനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമിടയില്‍ അനാവശ്യമായ ഭീതി പടര്‍ത്തിയതിനുമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായും നിയമലംഘനത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ താല്‍ക്കാലികമായി പിടിച്ചെടുത്തതായും അധികൃതര്‍ സ്ഥിരീകരിച്ചു.
സമാനമായ നിയമലംഘനങ്ങളെത്തുടർന്ന് നേരത്തെയും നിരവധി വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തിരുന്നു. എന്നാൽ ഇത്തരം പ്രവണതകൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പോലീസ് പരിശോധന ശക്തമാക്കിയത്. പൊതുസമാധാനം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്.
രാജ്യത്തുടനീളം സുരക്ഷയും സ്ഥിരതയും നിയമപാലനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നതോ സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുന്നതോ ആയ പെരുമാറ്റങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.









