മനാമ: അറബ് രാജ്യങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിനായുള്ള സംയുക്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജിസിസി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഉന്നതതല യോഗം ചേര്‍ന്നു. ജിസിസി മന്ത്രിസഭാ കൗണ്‍സില്‍ നിലവിലെ അധ്യക്ഷനും ബഹ്റൈന്‍ വിദേശകാര്യ മന്ത്രിയുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ സയാനിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
ഈജിപ്തിനെ പ്രതിനിധീകരിച്ച് വിദേശകാര്യ, കുടിയേറ്റ മന്ത്രി ഡോ. ബദര്‍ അബ്ദുലാറ്റിയാണ് യോഗത്തില്‍ പങ്കെടുത്തത്. ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവിയും ചര്‍ച്ചയില്‍ സന്നിഹിതനായിരുന്നു. ജിസിസി അംഗരാജ്യങ്ങളും ഈജിപ്തും തമ്മിലുള്ള ദീര്‍ഘകാലത്തെ അടുത്ത ബന്ധവും വിവിധ മേഖലകളില്‍ ഈ ബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള വഴികളും യോഗം വിലയിരുത്തി.
ജിസിസി രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും ജനവാസ മേഖലകള്‍ക്കും നേരെ ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. നിരവധി പേരുടെ മരണത്തിനും പരിക്കിനും അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടത്തിനും കാരണമായ ഇത്തരം ആക്രമണങ്ങളെ യോഗം അപലപിച്ചു.
ജിസിസി രാജ്യങ്ങള്‍ക്കും ജോര്‍ദാനും നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയത്തെ ഇരുവിഭാഗവും പ്രശംസിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ലോകസമാധാനത്തിന് ഭീഷണിയുമാണ് ഈ ആക്രമണങ്ങളെന്ന് പ്രമേയം ചൂണ്ടിക്കാട്ടിയിരുന്നു.
ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്താനും നയതന്ത്ര സഹകരണം തുടരാനും യോഗത്തില്‍ തീരുമാനമായി. അറബ് ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും അറേബ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും സംയുക്തമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത മന്ത്രിമാര്‍ ഊന്നിപ്പറഞ്ഞു. ഊര്‍ജ സുരക്ഷയും ഭക്ഷ്യവിതരണ ശൃംഖലയും തടസ്സമില്ലാതെ ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
കൂടാതെ, ഡോ. അല്‍ സയാനിയുടെ അധ്യക്ഷതയില്‍ ജോര്‍ദാന്‍, മൊറോക്കോ വിദേശകാര്യ മന്ത്രിമാരുമായും ജിസിസി പ്രതിനിധികള്‍ പ്രത്യേക ചര്‍ച്ചകള്‍ നടത്തി.









