മനാമ: ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി. ബഹ്‌റൈൻ, സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത് കൂടാതെ ഇറാൻ എന്നിവിടങ്ങളിലെ സ്കൂളുകൾക്കാണ് ഈ തീരുമാനം ബാധകം. ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക സർക്കുലറിലാണ് സിബിഎസ്ഇ ഇക്കാര്യം വ്യക്തമാക്കിയത്.
2026 മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും, നേരത്തെ മാറ്റിവെച്ച പരീക്ഷകളും പൂർണ്ണമായും റദ്ദാക്കി. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ മുൻനിർത്തി വിവിധ വിദ്യാലയങ്ങളിൽ നിന്നും അധികൃതരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഈ അടിയന്തര നടപടി. പത്താം ക്ലാസ് പരീക്ഷകൾ സിബിഎസ്ഇ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.
ഉപരിപഠനത്തിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഏറെ നിർണ്ണായകമായതിനാൽ പുതിയ തീരുമാനം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നുണ്ട്. നേരത്തെ നടന്ന മോഡൽ പരീക്ഷകളുടെയും ഇന്റേണൽ അസസ്‌മെന്റുകളുടെയും അടിസ്ഥാനത്തിലായിരിക്കുമോ ഫലം പ്രഖ്യാപിക്കുക എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും. പരീക്ഷാഫലം സംബന്ധിച്ച വിശദമായ മാനദണ്ഡങ്ങൾ പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ പത്രക്കുറിപ്പിൽ വ്യക്തമാക്കി.









