മനാമ: ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ആഗോള വിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധിയും കണക്കിലെടുത്ത് ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം സ്‌മെല്‍റ്ററായ ‘അല്‍ബ’ തങ്ങളുടെ മൂന്ന് ഉല്‍പാദന ലൈനുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കമ്പനിയുടെ റിഡക്ഷന്‍ ലൈനുകളായ 1, 2, 3 എന്നിവയാണ് ബിസിനസ് തുടര്‍ച്ച ഉറപ്പാക്കുന്നതിന്റെ ഭാഗമായി അടച്ചുപൂട്ടിയത്.
വാര്‍ഷിക ഉല്‍പ്പാദന ശേഷിയായ 16,23,000 മെട്രിക് ടണ്ണിന്റെ 19 ശതമാനവും ഈ മൂന്ന് ലൈനുകളില്‍ നിന്നാണ് ലഭിക്കുന്നത്. ഈ ലൈനുകള്‍ അടയ്ക്കുന്നതോടെ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകും. യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ അലുമിനിയം മേഖലയിലുണ്ടായ ഏറ്റവും പുതിയ ആഘാതമാണിത്. ലോകത്തെ ആകെ അലുമിനിയം വിതരണത്തിന്റെ 9 ശതമാനവും ഈ മേഖലയില്‍ നിന്നാണ്.
മാര്‍ച്ച് 2 മുതല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചതോടെ ടാങ്കറുകളുടെ വരവ് കുറയുകയും ചരക്ക് കൂലി റെക്കോര്‍ഡ് ഉയരത്തിലെത്തുകയും ചെയ്തു. ഇത് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്.
കൈവശമുള്ള അസംസ്‌കൃത വസ്തുക്കളുടെ ശേഖരം ഫലപ്രദമായി ഉപയോഗിക്കുന്നതിനും ബിസിനസ് തുടര്‍ച്ച ഉറപ്പാക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കമായാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. കൂടുതല്‍ സുസ്ഥിരമായ റിഡക്ഷന്‍ ലൈനുകളായ 4, 5, 6 എന്നിവയുടെ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കാനാണ് കമ്പനിയുടെ തീരുമാനം.
നിലവിലെ വെല്ലുവിളികള്‍ക്കിടയിലും പ്രവര്‍ത്തന സ്ഥിരത നിലനിര്‍ത്താനാണ് ഈ നീക്കമെന്ന് അല്‍ബ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ആഗോള അലുമിനിയം വിപണിയില്‍ ഈ തീരുമാനം വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
പ്രവര്‍ത്തനം നിര്‍ത്തിവെച്ച ലൈനുകളില്‍ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്താന്‍ ഈ സമയം വിനിയോഗിക്കുമെന്ന് അല്‍ബ അറിയിച്ചു. സാഹചര്യം മെച്ചപ്പെടുമ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. വിതരണക്കാരുമായും ഉപഭോക്താക്കളുമായും ചേര്‍ന്ന് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി.









