മനാമ: ഹോർമുസ് കടലിടുക്കിലുണ്ടായ ഗതാഗത തടസ്സങ്ങളെത്തുടർന്ന് അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തിൽ തടസ്സം നേരിട്ട സാഹചര്യത്തിൽ, മൂന്ന് പ്രൊഡക്ഷൻ ലൈനുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി അൽബ (Aluminium Bahrain B.S.C.) അറിയിച്ചു. കമ്പനിയുടെ ആകെ ഉൽപ്പാദന ശേഷിയുടെ 19 ശതമാനം വരുന്ന 1, 2, 3 റിഡക്ഷൻ ലൈനുകളാണ് നിയന്ത്രിതവും സുരക്ഷിതവുമായ രീതിയിൽ ഷട്ട്ഡൗൺ ചെയ്തത്.
നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ലഭ്യമായ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഉൽപ്പാദനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ഈ തീരുമാനം. താരതമ്യേന വലിയ ഉൽപ്പാദന ശേഷിയുള്ള 4, 5, 6 ലൈനുകളുടെ പ്രവർത്തനം സുഗമമാക്കാൻ ഇത് സഹായിക്കും.
ഈ ഇടവേളയിൽ പ്രസ്തുത ലൈനുകളിൽ വിപുലമായ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങളും നടത്തുമെന്നും സാഹചര്യം മെച്ചപ്പെടുന്ന മുറയ്ക്ക് ഇവ വീണ്ടും സജീവമാക്കുമെന്നും കമ്പനി അറിയിച്ചു. ജീവനക്കാരുടെ സുരക്ഷയ്ക്കും ഉപഭോക്താക്കൾക്കുള്ള വിതരണത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വിതരണക്കാരുമായി ചേർന്ന് പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചു വരികയാണെന്നും അൽബ മാനേജ്‌മെന്റ് വ്യക്തമാക്കി.









