മനാമ: മാനസിക ഗണിതത്തിൽ അസാമാന്യ വേഗതയുമായി ലോകറെക്കോർഡ് പട്ടികയിൽ ഇടംപിടിച്ച് മലയാളി വിദ്യാർത്ഥി മെഹ്ഫിൽ സുൽത്താൻ മുജീബ്. എലൈറ്റ് വേൾഡ് റെക്കോർഡ്സ് സംഘടിപ്പിച്ച മത്സരത്തിലാണ് പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിയായ ഈ കൊച്ചുമിടുക്കൻ അപൂർവ്വ നേട്ടം കൈവരിച്ചത്.
രണ്ടക്ക സംഖ്യകൾ ഉൾപ്പെട്ട സങ്കലന-വ്യകലന (Addition and Subtraction) കണക്കുകൾ അതിവേഗത്തിൽ പരിഹരിച്ചാണ് മെഹ്ഫിൽ ചരിത്രം കുറിച്ചത്. മൂന്ന് വരികളിലായുള്ള 57 സങ്കീർണ്ണ ഗണിത പ്രശ്നങ്ങൾ വെറും മൂന്ന് മിനിറ്റിനുള്ളിൽ കൃത്യമായി പരിഹരിച്ച് മെഹ്ഫിൽ വിധികർത്താക്കളെ അമ്പരപ്പിച്ചു. 2026 മാർച്ച് 15-നായിരുന്നു ഈ റെക്കോർഡ് നേട്ടം.
ബഹ്‌റൈൻ പ്രവാസിയായ മുജീബിന്റെയും മുഫീദ മുജീബിന്റെയും മകനും ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ് മെഹ്ഫിൽ. തളിപ്പറമ്പ് ‘മാസ്റ്റർ കിഡ്‌സ് അബാക്കസി’ലെ സിന്ധു ടീച്ചർ, നാരായണൻകുട്ടി സർ, സജിത ടീച്ചർ എന്നിവരുടെ മികച്ച പരിശീലനമാണ് മെഹ്ഫിലിനെ ഈ ഉന്നത വിജയിയാക്കിയത്. മുഫ്ലിഹ് സമാൻ മുജീബ് സഹോദരനാണ്. മെഹ്ഫിലിന്റെ ഈ ലോക റെക്കോർഡ് നേട്ടത്തിൽ ബഹ്‌റൈൻ പ്രവാസി സമൂഹവും ജന്മനാടും ഒരുപോലെ ആഹ്ലാദത്തിലാണ്.









