മനാമ: ബഹ്റൈന്‍ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള താല്‍ക്കാലിക സര്‍വീസുകളുടെ കാലാവധി നീട്ടിയതായി അറിയിച്ചു. മാര്‍ച്ച് 28 വരെ (അന്ന് ഉള്‍പ്പെടെ) യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഇപ്പോള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
ദമ്മാമില്‍ നിന്നും ലണ്ടന്‍ ഹീത്രൂ, മുംബൈ, ബാങ്കോക്ക് എന്നീ നഗരങ്ങളിലേക്കാണ് വിമാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ബഹ്റൈനിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് സൗദി ട്രാന്‍സിറ്റ് വിസ ലഭ്യമാക്കാന്‍ ഗള്‍ഫ് എയര്‍ സഹായം നല്‍കും. ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാരെ ബഹ്‌റൈനില്‍ നിന്നും ദമ്മാം വിമാനത്താവളത്തിലേക്ക് എയര്‍ലൈന്‍ നേരിട്ട് എത്തിക്കും.
ബഹ്റൈനിലെ വ്യോമപാത അടച്ചിട്ടിരിക്കുന്നതിനാല്‍, ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെ നിന്നുമുള്ള പതിവ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ ദമ്മാം വിമാനത്താവളം വഴിയാണ് എയര്‍ലൈന്‍ താല്‍ക്കാലിക വാണിജ്യ സര്‍വീസുകള്‍ നടത്തുന്നത്.
വ്യോമപാത സുരക്ഷിതമായി തുറന്നുകൊടുക്കാന്‍ ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് അനുമതി നല്‍കുന്ന മുറയ്ക്ക് സാധാരണ നിലയിലുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതാണ്.









