മനാമ: കാറപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ല. യുവാവിനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ബഹ്റൈനി കുടുംബം. ബഹ്റൈന്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയും പാര്‍ട്ട് ടൈം സൂപ്പര്‍മാര്‍ക്കറ്റ് കാഷ്യറുമായ 20 വയസ്സുകാരന്‍ അലി അല്‍ നഷീതിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സല്‍മാബാദിലെ വീട്ടില്‍ നിന്നും കാണാതായത്.
അലിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കണമെന്ന് പിതാവ് അബ്ദുള്‍ ജലീല്‍ അഭ്യര്‍ത്ഥിച്ചു. ‘വെള്ളിയാഴ്ച പുലര്‍ച്ചെ 12.30-ഓടെ ഐസ്‌ക്രീം വാങ്ങാനായി കാറെടുത്ത് പുറത്തുപോയതായിരുന്നു അവന്‍. പിന്നീട് തിരിച്ചുവന്നിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
‘തുടക്കത്തില്‍ ഫോണ്‍ വിളിച്ചപ്പോള്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു, എന്നാല്‍ പെട്ടെന്ന് അത് നിലച്ചു. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്നോ അവന്‍ എവിടെ പോയിരിക്കാമെന്നോ ഞങ്ങള്‍ക്ക് അറിയില്ല. അലിയെയോ അവന്‍ ഓടിച്ചിരുന്ന കാറോ ഇതുവരെ കണ്ടെത്താനായിട്ടില്ല’, അബ്ദുള്‍ ജലീല്‍ പറഞ്ഞു.
പഠനത്തില്‍ അതീവ മിടുക്കനായ അലി, സര്‍വ്വകലാശാലയിലെ മികച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് അലിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തലയോട്ടിയിലെ ഒന്നിലധികം ഒടിവുകള്‍, ശ്വാസകോശത്തിലെ ക്ഷതം, താടിയെല്ലിനും തോളെല്ലിനും ഉണ്ടായ ഒടിവുകള്‍ എന്നിവയെത്തുടര്‍ന്ന് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 2-നാണ് ആശുപത്രി വിട്ടതെങ്കിലും, ഇപ്പോഴും ന്യൂറോ സര്‍ജന്മാരുടെ ചികിത്സ തുടരുന്നുണ്ട്.
കാമിസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തിവരികയാണെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ബഹ്റൈനിലെ മറ്റ് ആശുപത്രികളിലോ മെഡിക്കല്‍ സെന്ററുകളിലോ ചികിത്സ തേടിയിട്ടില്ല. കിംഗ് ഫഹദ് കോസ്വേ വഴി രാജ്യം വിട്ടിട്ടില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അലിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി കുടുംബവുമായി ബന്ധപ്പെടണമെന്ന് പിതാവ് അഭ്യര്‍ത്ഥിച്ചു. 36777406 എന്ന നമ്പറില്‍ അദ്ദേഹത്തെ ബന്ധപ്പെടാം.









