small icons
small icons

മിഡില്‍ ഈസ്റ്റിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സിബിഎസ്ഇ പ്രത്യേക മൂല്യനിര്‍ണ്ണയ പദ്ധതി പ്രഖ്യാപിച്ചു

exam 2

മനാമ: യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തില്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പ്രത്യേക മൂല്യനിര്‍ണ്ണയ പദ്ധതി പ്രഖ്യാപിച്ചു.

ബഹ്റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സാഹചര്യം വിലയിരുത്തിയ ശേഷം മാര്‍ച്ച് 5-നാണ് ബോര്‍ഡ് പത്താം ക്ലാസ് പ്രധാന പരീക്ഷകള്‍ റദ്ദാക്കിയത്. ഫെബ്രുവരി 17 മുതല്‍ ഫെബ്രുവരി 28 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഈ കാലയളവില്‍ ഗണിതം, ഇംഗ്ലീഷ്, സയന്‍സ് എന്നിവയുള്‍പ്പെടെ ആറ് അക്കാദമിക് വിഷയങ്ങളും, 16 ഭാഷാ പേപ്പറുകളും, 22 സ്‌കില്‍ അധിഷ്ഠിത വിഷയങ്ങളും ഉള്‍പ്പെടെ ആകെ 44 പേപ്പറുകള്‍ വിദ്യാര്‍ത്ഥികള്‍ എഴുതിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷകളുടെ എണ്ണം അടിസ്ഥാനമാക്കി മാര്‍ക്ക് എങ്ങനെ കണക്കാക്കുമെന്ന് ബോര്‍ഡ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ വിദ്യാര്‍ത്ഥികളുടെ ഫലം മറ്റ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തന്നെ പ്രഖ്യാപിക്കുമെന്നും പ്രകടനം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബോര്‍ഡ് നയമനുസരിച്ച് രണ്ടാം ബോര്‍ഡ് പരീക്ഷ എഴുതാമെന്നും സിബിഎസ്ഇ അറിയിച്ചു.

മാര്‍ക്ക് കണക്കാക്കുന്ന രീതി

എല്ലാ പരീക്ഷകളും എഴുതിയവര്‍: പരീക്ഷയിലെ യഥാര്‍ത്ഥ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കും.

നാല് പരീക്ഷകള്‍ എഴുതിയവര്‍: പരീക്ഷയെഴുതിയവയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി കണക്കാക്കി എഴുതാത്ത വിഷയങ്ങളുടെ മാര്‍ക്ക് നല്‍കും.

മൂന്ന് പരീക്ഷകള്‍ എഴുതിയവര്‍: ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് വിഷയങ്ങളുടെ ശരാശരി കണക്കാക്കി എഴുതാത്ത വിഷയങ്ങളുടെ മാര്‍ക്ക് നല്‍കും.

രണ്ട് പരീക്ഷകള്‍ മാത്രം എഴുതിയവര്‍: പരീക്ഷയെഴുതിയ രണ്ട് വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് ബാക്കിയുള്ള എല്ലാ പേപ്പറുകള്‍ക്കും നല്‍കും.

2025-ലോ അതിന് മുന്‍പോ രജിസ്റ്റര്‍ ചെയ്ത, ഒന്നോ രണ്ടോ വിഷയങ്ങള്‍ മാത്രം എഴുതാന്‍ ഉണ്ടായിരുന്നവര്‍ക്ക് പ്രത്യേക വ്യവസ്ഥയാണുള്ളത്. ഒന്നോ രണ്ടോ പരീക്ഷകളില്‍ പങ്കെടുത്തവര്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഫലം നല്‍കും. പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് രണ്ടാമത്തെ ബോര്‍ഡ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും.

പരീക്ഷാ കേന്ദ്രം മാറ്റിയവര്‍: മിഡില്‍ ഈസ്റ്റില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റിയ വിദ്യാര്‍ത്ഥികള്‍ക്ക് അവിടെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കും.

ഇന്റേണല്‍ അസസ്മെന്റ്: സ്‌കൂളുകള്‍ ഇതിനകം പൂര്‍ത്തിയാക്കി അപ്ലോഡ് ചെയ്ത ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കുകളില്‍ മാറ്റമുണ്ടാകില്ല.

ഈ മൂല്യനിര്‍ണ്ണയ പദ്ധതി പ്രകാരം തയ്യാറാക്കുന്ന ഫലം അന്തിമമായിരിക്കും. സിബിഎസ്ഇ നിശ്ചയിച്ചിട്ടുള്ള നയപ്രകാരമുള്ള പരീക്ഷകളല്ലാതെ മറ്റ് പ്രത്യേക പരീക്ഷകള്‍ നടത്തില്ല. പന്ത്രണ്ടാം ക്ലാസിലെ മൂല്യനിര്‍ണ്ണയ പദ്ധതി തീരുമാനമാകുന്ന മുറയ്ക്ക് പിന്നീട് അറിയിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!