മനാമ: സുരക്ഷിതമല്ലാത്ത നിരീക്ഷണ ക്യാമറകള് ഹാക്കര്മാരുടെ സൈബര് ആക്രമണങ്ങള്ക്ക് ഇരയായേക്കാമെന്ന് നാഷണല് സൈബര് സെക്യൂരിറ്റി സെന്റര് (എന്സിഎസ്സി) മുന്നറിയിപ്പ് നല്കി. നിലവിലെ ഇറാനിയന് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. വീടുകളിലേക്കും സ്ഥലങ്ങളിലേക്കും പ്രവേശനം നേടുന്നതിനും പ്രദേശത്തെ സംഭവങ്ങള് നിരീക്ഷിക്കുന്നതിനും ഈ ക്യാമറകള് ഉപയോഗിക്കാമെന്ന് ഇന്നലെ പുറപ്പെടുവിച്ച പൊതുജന മുന്നറിയിപ്പില് പറയുന്നു.
സുരക്ഷിതമല്ലാത്ത ക്രമീകരണങ്ങള് വഴി വിവരങ്ങള് ചോരാന് ഇത് കാരണമാകുമെന്നും സെന്റര് ചൂണ്ടിക്കാട്ടി. അടുത്ത കാലത്തായി വീടുകളിലും ഓഫീസുകളിലും സുരക്ഷാ ക്യാമറകള് സാധാരണമായിട്ടുണ്ടെങ്കിലും വിപണിയില് ലഭ്യമാകുന്ന പല ക്യാമറകളും വലിയ സുരക്ഷാ ഭീഷണികള് ഉയര്ത്തുന്നുണ്ട്. ഉല്പ്പന്നങ്ങളുടെ രൂപകല്പ്പനയിലെ പിഴവുകള്, കൃത്യമായ അപ്ഡേഷനുകളുടെ അഭാവം, ഇന്സ്റ്റാളേഷനിലെ അപാകതകള് എന്നിവയാണ് പ്രധാനമായും ഹാക്കര്മാര് മുതലെടുക്കുന്നത്.
ഉപയോക്താക്കള്ക്ക് എളുപ്പത്തില് കണക്ട് ചെയ്യാന് സഹായിക്കുന്ന ‘പിയര്-ടു-പിയര്’ ഫീച്ചറുകളിലെ പോരായ്മകള് ഉപയോഗിച്ച് ഹാക്കര്മാര്ക്ക് ക്യാമറകളിലേക്ക് പ്രവേശിക്കാന് സാധിക്കും. സെക്യൂരിറ്റി ഗവേഷകനായ പോള് മറാപ്പീസിന്റെ കണക്കനുസരിച്ച് ബഹ്റൈനില് കുറഞ്ഞത് 575 ഉപകരണങ്ങളെങ്കിലും ഇത്തരം ആക്രമണങ്ങള്ക്ക് ഇരയാകാന് സാധ്യതയുള്ളവയാണ്.
ദുര്ബലമായ പാസ്വേഡുകള്, പഴയ സോഫ്റ്റ്വെയറുകള് എന്നിവ സൈബര് ആക്രമണങ്ങളിലേക്കുള്ള കവാടങ്ങളായി മാറുമെന്ന് യുഎഇ സൈബര് സെക്യൂരിറ്റി കൗണ്സിലും മുന്നറിയിപ്പ് നല്കി. ക്യാമറകളും നെറ്റ്വര്ക്കും സുരക്ഷിതമാക്കാന് ശക്തമായ പാസ്വേഡുകള് ഇന്റര്നെറ്റ് നെറ്റ്വര്ക്കിനും ക്യാമറകള്ക്കും നല്കണമെന്ന് സൈബര് സെക്യൂരിറ്റി സെന്റര് നിര്ദേശിച്ചു.
ക്യാമറ സിസ്റ്റത്തില് ഏറ്റവും പുതിയ അപ്ഡേറ്റുകള് ഉണ്ടെന്ന് ഉറപ്പാക്കുക. ഇത് ഹാക്കിംഗ് തടയാന് സഹായിക്കും. ആവശ്യമില്ലാത്തപ്പോള് ഡിജിറ്റല് വീഡിയോ റെക്കോര്ഡര് ഇന്റര്നെറ്റുമായി കണക്ട് ചെയ്യുന്നത് ഒഴിവാക്കുക. റെക്കോര്ഡിംഗുകള് വിദൂരമായി കാണേണ്ടതില്ലെങ്കില് ഓഫ്ലൈനായി സൂക്ഷിക്കുന്നതാണ് സുരക്ഷിതം.
ഇന്റര്നെറ്റ് വഴി ക്യാമറകളിലേക്ക് നേരിട്ടുള്ള ആക്സസ് നല്കുന്നത് മറ്റുള്ളവര് ദുരുപയോഗം ചെയ്യാന് കാരണമാകും. ലോഗിന് ചെയ്യുമ്പോള് അധിക സുരക്ഷയ്ക്കായി മള്ട്ടി-ഫാക്ടര് ഓതന്റിക്കേഷന് സംവിധാനം പ്രവര്ത്തനക്ഷമമാക്കുക.
അതേസമയം, സെറ്റിംഗുകളില് ഉണ്ടാകുന്ന മാറ്റങ്ങള്, ലിങ്ക് ചെയ്ത ആപ്ലിക്കേഷനുകള് അല്ലെങ്കില് ഇമെയില് അക്കൗണ്ടുകള് വഴിയുള്ള അസാധാരണമായ ലോഗിന് പ്രവര്ത്തനങ്ങള്, വേഗതക്കുറവ് എന്നിവ ശ്രദ്ധയില്പ്പെട്ടാല് ഉപകരണം ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കാമെന്ന് സെന്റര് അറിയിച്ചു.









