മനാമ: വീടിന് തീപിടിച്ചുണ്ടായ പുക ശ്വസിച്ച് ചികിത്സയിലായിരുന്ന 10 വയസ്സുകാരന് മരണത്തിന് കീഴടങ്ങി. സയ്യിദ് അല്‍ മഹഫ്ദ എന്ന ബാലന്റെ ഖബറടക്കം ഇന്നലെ രാവിലെ ബാര്‍ബറില്‍ നടന്നു. ഞായറാഴ്ച പുലര്‍ച്ചെ ജന്നുസാനിലെ വീട്ടിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്നു സയ്യിദ്.
തീപിടുത്തത്തില്‍ പുക ശ്വസിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സയ്യിദിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ ദുരന്തത്തില്‍ ഒരേ കുടുംബത്തില്‍ നിന്നും മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് സയ്യിദ്. സയ്യിദിന്റെ മൂത്ത സഹോദരി 16 വയസ്സുകാരിയായ ദുആ കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ട് മണിയോടെ മരണപ്പെട്ടിരുന്നു.
മന്ത്രി ഡോ. മുഹമ്മദ് ജുമയ്ക്കു വേണ്ടി വിദ്യാഭ്യാസ മന്ത്രാലയം സയ്യിദിന്റെയും ദുആയുടെയും വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ‘സാര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ദുആയുടെയും ബാര്‍ബര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ സയ്യിദിന്റെയും വിയോഗത്തില്‍ മന്ത്രാലയം അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹപാഠികള്‍ക്കും ഡോ. ജുമ തന്റെ അനുശോചനം അറിയിക്കുന്നു’, മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.









