മനാമ: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സിബിഎസ്ഇ ബദല്‍ മൂല്യനിര്‍ണ്ണയ രീതി പ്രഖ്യാപിച്ചു. ബഹ്റൈന്‍, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ബോര്‍ഡ് റദ്ദാക്കിയിരുന്നു.
വിദ്യാര്‍ത്ഥികളുടെ ഉന്നതപഠനത്തെയും കരിയറിനെയും ബാധിക്കാത്ത വിധം സുതാര്യമായ ഫലപ്രഖ്യാപനം ഉറപ്പാക്കാനാണ് നടപടിയെന്ന് സിബിഎസ്ഇ അറിയിച്ചു. എല്ലാ വിഷയങ്ങളിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ഫലം പ്രഖ്യാപിക്കുക.
പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക്, സ്‌കൂളുകളില്‍ നടന്ന ക്വാര്‍ട്ടര്‍ലി, ഹാഫ് ഇയര്‍ലി, പ്രീ-ബോര്‍ഡ് പരീക്ഷകളിലെ മാര്‍ക്ക് മാനദണ്ഡമാക്കും. നേരത്തെ രേഖപ്പെടുത്തിയ പ്രാക്ടിക്കല്‍, ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കുകളില്‍ മാറ്റമുണ്ടാകില്ല.
ഏപ്രില്‍ 6 മുതല്‍ 13 വരെ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ സിബിഎസ്ഇ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഒരിക്കല്‍ സമര്‍പ്പിച്ച മാര്‍ക്കുകളില്‍ പിന്നീട് മാറ്റം അനുവദിക്കില്ല. മുന്‍ വര്‍ഷങ്ങളില്‍ കംപാര്‍ട്ട്‌മെന്റ് ലഭിച്ചവര്‍ക്കും സിംഗിള്‍ സബ്ജക്ട് വിദ്യാര്‍ത്ഥികള്‍ക്കും ജൂലൈയില്‍ സപ്ലിമെന്ററി പരീക്ഷ എഴുതാം.
ബദല്‍ മൂല്യനിര്‍ണ്ണയത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യം അനുകൂലമാകുമ്പോള്‍ വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കുന്നത് ബോര്‍ഡ് പരിഗണിക്കും. മൂല്യനിര്‍ണ്ണയത്തിന് ആധാരമായ ഉത്തരക്കടലാസുകളും മറ്റ് രേഖകളും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതമായി സൂക്ഷിക്കണം. ഇവ ഏത് സമയത്തും ബോര്‍ഡിന് പരിശോധിക്കാവുന്നതാണ്.









