ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ ഏപ്രിൽ മാസത്തെ അധ്യക്ഷപദം ബഹ്റൈൻ ഏറ്റെടുത്തതിന് പിന്നാലെ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി കൂടിക്കാഴ്ച നടത്തി. സുരക്ഷാ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തിയതായിരുന്നു അദ്ദേഹം.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു. ജി.സി.സി രാജ്യങ്ങൾക്കും മറ്റ് അറബ് രാജ്യങ്ങൾക്കും നേരെയുണ്ടാകുന്ന ഇറാൻ ആക്രമണങ്ങളും, അവ പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും മന്ത്രി യുഎൻ മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി. അന്താരാഷ്ട്ര നാവിക ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള നീക്കങ്ങൾ ഉയർത്തുന്ന ഭീഷണിയും ചർച്ചാവിഷയമായി.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിനും മാനുഷിക പ്രവർത്തനങ്ങൾക്കും ഐക്യരാഷ്ട്രസഭ നൽകുന്ന പിന്തുണയെ മന്ത്രി പ്രശംസിച്ചു. യുഎഇ വിദേശകാര്യ സഹമന്ത്രി ലാന നുസൈബെ, ഐക്യരാഷ്ട്രസഭയിലെ ബഹ്റൈൻ സ്ഥിരം പ്രതിനിധി ജമാൽ ഫാരിസ് അൽ റുവൈഇ, യുഎഇ സ്ഥിരം പ്രതിനിധി മുഹമ്മദ് അബുഷാഹ തുടങ്ങിയ പ്രമുഖരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.









