small icons
small icons

ബഹ്‌റൈനില്‍ വിലക്കയറ്റം തടയാന്‍ പ്രത്യേക ഓപ്പറേഷന്‍ സെന്റര്‍ സജ്ജം

New Project - 2026-04-02T214221.092

മനാമ: അമിതവില ഈടാക്കുന്നതും നിയമലംഘനങ്ങള്‍ നടത്തുന്നതും തടയാനായി വ്യവസായ വാണിജ്യ മന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കി. എല്ലാ സ്ഥാപനങ്ങളും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും നിലവിലെ സാഹചര്യങ്ങള്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ചരക്കുനീക്കവും ക്ലിയറന്‍സ് നടപടികളും സുഗമമാക്കുക, അവശ്യസാധനങ്ങളുടെ വരവ് വേഗത്തിലാക്കുക, ഇതര ഗതാഗത മാര്‍ഗങ്ങള്‍ നിരീക്ഷിക്കുക, അടിയന്തര ലോജിസ്റ്റിക് വെല്ലുവിളികള്‍ പരിഹരിക്കുക എന്നിവയും ഈ കേന്ദ്രത്തിന്റെ ചുമതലകളാണ്. അവശ്യസാധനങ്ങളുടെ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാന്‍ സ്വകാര്യ മേഖലയുമായും വിതരണക്കാരുമായും സഹകരിച്ച് പ്രവര്‍ത്തിക്കും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ സെന്റര്‍ സജീവമാക്കിയതായും എല്ലാ പ്രമുഖ വിതരണക്കാര്‍ക്കുമായി പ്രത്യേക ലെയ്‌സണ്‍ ഓഫീസറെ നിയമിച്ചതായും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഈ പ്രത്യേക കാലയളവില്‍ ഭക്ഷ്യശേഖരം ഉറപ്പാക്കാനും വില കൃത്രിമത്വം തടയാനും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 28 വരെ ഒരു മാസം നീണ്ടുനിന്ന പരിശോധനകളും മന്ത്രാലയം നടത്തിയിരുന്നു. ഇതുവരെ ലഭിച്ച 470 പരാതികളുടെ അടിസ്ഥാനത്തില്‍ 1,231 പരിശോധനകള്‍ നടത്തി. ഇതില്‍ ഭക്ഷ്യസാധനങ്ങളുമായി ബന്ധപ്പെട്ട 80 നിയമലംഘനങ്ങള്‍ കണ്ടെത്തി. കൂടാതെ 732 പൊതുവായ നിയമലംഘനങ്ങള്‍ കണ്ടെത്തുകയും അവ ഉടന്‍ തന്നെ തിരുത്തിക്കുകയും ചെയ്തു. വരും ആഴ്ചകളിലും പരിശോധനകള്‍ തുടരും.

മനാമ, ഹിദ്ദ്, ദിയാര്‍ അല്‍ മുഹറഖ്, ഈസ്റ്റ് റിഫ, ഈസ ടൗണ്‍ എന്നിവിടങ്ങളിലായി 102 റീട്ടെയില്‍ സ്ഥാപനങ്ങളില്‍ ഇന്‍സ്‌പെക്ഷന്‍ ഡയറക്ടറേറ്റ് പരിശോധന നടത്തി. ഇതിനിടെ, ടോര്‍ച്ച് ലൈറ്റുകള്‍ക്ക് അന്യായമായ വില ഈടാക്കിയ ഒരു കട കഴിഞ്ഞ വെള്ളിയാഴ്ച അടച്ചുപൂട്ടി. നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ബഹ്റൈനിലെ ഭൂരിഭാഗം സ്ഥാപനങ്ങളും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും നിയമലംഘനങ്ങള്‍ വളരെ കുറവാണെന്നും ഇന്‍സ്‌പെക്ഷന്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ മോന അല്‍ അലവി പ്രശംസിച്ചു. എന്നിരുന്നാലും, വിലക്കയറ്റം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പൊതുജനങ്ങള്‍ക്ക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡയറക്ടറേറ്റ്: 17007003, ഇമെയില്‍: consumer_protection@moic.gov.bh, ഇന്‍സ്‌പെക്ഷന്‍ ഡയറക്ടറേറ്റ്: 17111252 (വാട്‌സാപ്പ് വഴിയും ബന്ധപ്പെടാം), ഇമെയില്‍: inspection@moic.gov.bh എന്നിവയിലൂടെ മന്ത്രാലയത്തെ അറിയിക്കാം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!