മനാമ: ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്‌സിലെ (ബിഡിഎഫ്) ഉദ്യോഗസ്ഥരുടെ അചഞ്ചലമായ ജാഗ്രതയിലൂടെ ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിടുന്നത് തുടരുന്നതായി ബിഡിഎഫ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. സംഘര്‍ഷം ആരംഭിച്ചത് മുതല്‍ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 194 ബാലിസ്റ്റിക് മിസൈലുകളും 508 ഡ്രോണുകളും വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകര്‍ത്തു.
രാജ്യത്തെ സംരക്ഷിക്കുന്നതില്‍ സേനയുടെ തുടര്‍ച്ചയായ പ്രവര്‍ത്തനക്ഷമതയെ കമാന്‍ഡ് പ്രശംസിച്ചു. ബഹ്റൈന്‍ സേനയുടെ ഈ പ്രകടനം രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്ന ആത്മവിശ്വാസം പകരുന്നത് തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളോട് തങ്ങളുടെ സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു. ‘ആക്രമണം ബാധിച്ച പ്രദേശങ്ങളില്‍ നിന്നും സംശയാസ്പദമായ വസ്തുക്കളില്‍ നിന്നും അകന്നു നില്‍ക്കുക, സൈനിക നീക്കങ്ങളുടെയോ തകര്‍ന്ന വീണ അവശിഷ്ടങ്ങളുടെയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക, സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുത്, അപ്ഡേറ്റുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്കുമായി ഔദ്യോഗിക സര്‍ക്കാര്‍ മാധ്യമങ്ങളെ മാത്രം ആശ്രയിക്കുക’ എന്നീ കാര്യങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് കമാന്‍ഡ് അറിയിച്ചു.
സിവിലിയന്‍ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറിന്റെയും ലംഘനമാണെന്ന് ജനറല്‍ കമാന്‍ഡ് ഊന്നിപ്പറഞ്ഞു. വിവേചനരഹിതമായ ഇത്തരം ആക്രമണങ്ങള്‍ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.









