മനാമ: ഒരു വാഹനാപകടത്തില്‍ സ്ഥിരമായ പരിക്കേറ്റ വ്യക്തിക്ക് 5,500 ബഹ്റൈന്‍ ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ഹൈ സിവില്‍ കോടതി ഉത്തരവിട്ടു. ഇന്‍ഷൂര്‍ ചെയ്ത വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധ മൂലമുണ്ടായ അപകടത്തില്‍ ഇരയായ വ്യക്തിക്ക് 11 ശതമാനം സ്ഥിരമായ വൈകല്യം സംഭവിച്ചിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ നേരത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇരയുടെ പരിക്കുകളുടെ തീവ്രത സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മെറ്റീരിയല്‍ (ഭൗതികം), മോറല്‍ (ധാര്‍മ്മികം) എന്നിങ്ങനെയുള്ള നാശനഷ്ടങ്ങള്‍ ഇന്‍ഷുറന്‍സ് പോളിസി പ്രകാരം പരിഹരിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് കോടതി വിധിച്ചു.
ഭൗതിക നാശനഷ്ടങ്ങള്‍ക്ക് 5,000 ദിനാര്‍, ധാര്‍മ്മിക നാശനഷ്ടങ്ങള്‍ക്ക് 500 ദിനാര്‍ എന്നിങ്ങനെയാണ് നഷ്ടപരിഹാര തുകയില്‍ ഉള്‍പ്പെടുന്നത്. ഇതിനുപുറമെ നിയമപരമായ ചെലവുകളും പലിശയും ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.









