മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യാത്രക്കാരനെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും പണം കവരുകയും ചെയ്ത രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ഒന്നാം ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു. ശിക്ഷയ്ക്ക് പുറമെ പ്രതികള്‍ ഓരോരുത്തരും 500 ദിനാര്‍ പിഴയൊടുക്കണമെന്നും ഇരയ്ക്ക് 3,500 സൗദി റിയാല്‍ ഇരുവരും തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
യാത്രക്കാരനെ വിമാനത്താവളത്തിലെ അടച്ചിട്ട ശുചിമുറിയിലേക്ക് കൊണ്ടുപോയി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് സംഭവം നടന്നത്. യാത്ര തുടര്‍ന്ന അദ്ദേഹം പിന്നീട് തന്റെ കൈവശമുണ്ടായിരുന്ന 3,500 സൗദി റിയാല്‍ നഷ്ടപ്പെട്ടതായി കണ്ടെത്തുകയും ബഹ്റൈനില്‍ തിരിച്ചെത്തിയ ശേഷം പരാതി നല്‍കുകയുമായിരുന്നു.
നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചതില്‍ നിന്നും ഉദ്യോഗസ്ഥര്‍ തങ്ങളുടെ പദവി ദുരുപയോഗം ചെയ്തതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. അംഗീകൃത നടപടിക്രമങ്ങള്‍ പാലിക്കാതെ അനധികൃതമായി പരിശോധന നടത്തിയ കാര്യം പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി തടഞ്ഞുവെക്കല്‍, അധികാര ദുരുപയോഗം, ഔദ്യോഗിക ഡ്യൂട്ടിക്കിടെയുള്ള തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതോടെയാണ് കോടതി അന്തിമ വിധി പ്രസ്താവിച്ചത്.









