മനാമ: അഞ്ച് കിലോയോളം വരുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ ഏഷ്യന്‍ പൗരന് ഹൈ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവും 3,000 ബഹ്റൈന്‍ ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഒരു ഏഷ്യന്‍ രാജ്യത്ത് നിന്ന് എയര്‍ കാര്‍ഗോ വഴിയും പോസ്റ്റല്‍ പാഴ്‌സല്‍ വഴിയും വന്ന ഷിപ്മെന്റുകള്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധിക്കുന്നതിനിടെയാണ് പ്രതിയുടെ പേരും തിരിച്ചറിയല്‍ രേഖയും ഉള്ള സംശയാസ്പദമായ ഒരു പാഴ്‌സല്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടത്. എക്‌സ്-റേ മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പാഴ്‌സലിനുള്ളില്‍ അസ്വാഭാവികമായ വസ്തുക്കള്‍ കണ്ടെത്തി.
തുടര്‍ന്ന് പാഴ്‌സല്‍ തുറന്ന് പരിശോധിച്ചപ്പോള്‍ കായിക ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്ന് അടങ്ങിയ ബാഗുകള്‍ കണ്ടെത്തി. തൊട്ടുപിന്നാലെ, അതേ രാജ്യത്ത് നിന്ന് വന്ന മറ്റൊരു പാഴ്‌സലിലും ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇത് മറ്റൊരു വ്യക്തിയുടെ പേരിലായിരുന്നെങ്കിലും പ്രതിയുടെ അതേ തിരിച്ചറിയല്‍ നമ്പറാണ് ഇതിലും നല്‍കിയിരുന്നത്. എക്‌സ്-റേ പരിശോധനയില്‍ കായിക ഉപകരണങ്ങള്‍ക്കുള്ളില്‍ സമാനമായ രീതിയില്‍ വസ്തുക്കള്‍ ഒളിപ്പിച്ചതായി കണ്ടെത്തി. ഇതും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
തുടര്‍ന്ന് കേസ് ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റിന് കൈമാറി. ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയും പാഴ്‌സല്‍ കൈപ്പറ്റാന്‍ തയ്യാറാണെന്ന് പ്രതി അറിയിക്കുകയും ചെയ്തു. പാഴ്‌സലുകള്‍ എത്തിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട പ്രതി തന്റെ ലൊക്കേഷന്‍ അധികൃതര്‍ക്ക് കൈമാറി.
ആന്റി നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥനും ഒരു കമ്പനി ജീവനക്കാരനും ഡെലിവറി ഏജന്റുമാരായി വേഷം മാറി നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. പാഴ്‌സലുകള്‍ കൈപ്പറ്റിയ ഉടന്‍ തന്നെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് അളന്നു വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു.









