ബഹ്റൈനിലെ ഇന്ത്യക്കാരായ കുട്ടികൾക്കായ് കലാ-സാഹിത്യ മാമാങ്കം ‘ഐസിബി ടാലൻറ് ഫെസ്റ്റ് 2019’ ന് ഒരുങ്ങി ഇന്ത്യൻ ക്ലബ്

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി കുട്ടികൾക്കും കൗമാരക്കാർക്കുമായി നവംബർ ആദ്യവാരത്തിൽ വിവിധ കലാ സാഹിത്യ മത്സരങ്ങൾ ‘ടാലന്റ് ഫെസ്റ്റ് 2019’ എന്ന പേരിൽ സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ ക്ലബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2001 ഒക്ടോബർ 1 നും 2014 ഒക്ടോബർ 30 നും ഇടയിൽ ജനിച്ച എല്ലാ ഇന്ത്യക്കാർക്കും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. പ്രായത്തിനനുസരിച്ച് 5 വിഭാഗങ്ങൾ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുക.

സംഗീതം, നൃത്തം, സാഹിത്യം എന്നിവ കൂടാതെ ഗ്രൂപ്പ് ഇനങ്ങളിലുള്ള മത്സരങ്ങളും ബഹറൈനിൽ ആദ്യമായി മെഗാ മ്യൂസിക് ബാൻഡ് മത്സരവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ടാലന്റ് ടെസ്റ്റ്, ടാലന്റ് നൈറ്റ് എന്നിങ്ങനെ രണ്ടു വിഭാഗമായി നടക്കുന്ന മത്സരങ്ങളിൽ ആദ്യ വിഭാഗത്തിൽ ഡ്രോയിങ്, പെയിന്റിംഗ്, വെജിറ്റബിൾ കാർവിംഗ്, ക്ലേ മോഡലിംഗ്, കവിത, പ്രസംഗം, മെമ്മറി ടെസ്റ്റ്, പൊതുവിജ്ഞാനം, കഥ, പ്രബന്ധമത്സരം എന്നിവയും ടാലന്റ് നൈറ്റിൽ വിവിധ ഭാഷാ ഗാനങ്ങൾ, കരോക്കെ ഗാനം, ഹിന്ദുസ്ഥാനി, ഇൻസ്ട്രമെന്റൽ മ്യൂസിക്, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കഥക്, ഫോക്ക് ഡാൻസ്, സിനിമാറ്റിക്, വെസ്റ്റേൺ ഡാൻസ്, മോണോ ആക്ട്, ഫാൻസി ഡ്രസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രൂപ്പ് ഇനങ്ങളിൽ  സിനിമാറ്റിക്, ഫോക്ക്, വെസ്റ്റേൺ, മ്യൂസിക് ബാൻഡ് എന്നിവയുമാണ് മത്സര ഇനങ്ങൾ. രജിസ്‌ട്രേഷനും വിശദ വിവരങ്ങൾക്കും വേണ്ടി സെപ്റ്റംബർ 15 മുതൽ   www.indianclub-bahrain.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഒക്ടോബർ 10 ആണ് അവസാന തീയ്യതി. പരിപാടിയ്ക്ക് വേണ്ടി ക്ലബ്ബിൽ  പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. നാട്ടിൽ പോകുന്ന കുട്ടികൾക്ക് കലാപരിശീലനത്തിനു വേണ്ടിയാണ് പരിപാടിയുടെ അറിയിപ്പ് നേരത്തെ പ്രഖ്യാപിക്കുന്നതെന്നും സ്‌കൂളുകളിൽ പരീക്ഷകൾ ഇല്ലാത്ത സമയമാണ് ടാലന്റ് ഫെസ്റ്റിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ജോസ് ഫ്രാൻസിസ് ജനറൽ കൺവീനറും (39697600) ബാലമുരുഗൻ, ജോസഫ് ജോയ് എന്നിവർ ജോയിന്റ് കൺവീനര്മാരുമായ കമ്മിറ്റിയാണ് മത്സരപരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഇവരും ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ, ജനറൽ സെക്രട്ടറി ജോബ് എം ജോസഫ്, ട്രഷറർ ഹരി ആർ ഉണ്ണിത്താൻ, അസി. എന്റർടെയിന്റ്മെന്റ് സെക്രട്ടറി സെന്തിൽ കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.