മനാമ: പ്രവാസിയുടെ അന്ത്യയാത്രയെ ചരക്കുകളുടെ നിരക്ക് പട്ടികയിൽനിന്ന് മാറ്റണമെന്ന ആവശ്യമെങ്കിലും പരിഗണിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു മലബാർ ഡവലപ്മെൻറ് ഫോറം പാർലമെൻറിനു മുന്നിൽ നടത്തുന്ന നിരാഹാര പ്രക്ഷോഭത്തിന് യാത്ര സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ ഫണ്ടിൽ മാത്രം നൂറുകണക്കിന് കോടി രൂപയുണ്ട്. കോൺസുലർ സേവനങ്ങൾക്കായി എത്തുന്ന ഓരോ പ്രവാസിയിൽ നിന്ന് 100 രൂപക്ക് തുല്യമായ തുക കൂടുതൽ വാങ്ങിയാണ് ഫണ്ടിലേക്ക് മാറ്റുന്നത്. ഈ തുകയെടുത്തെങ്കിലും എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്നത് സൗജന്യമാക്കണമെന്നു യാത്ര സമിതി ആവശ്യപ്പെട്ടു.
അടുത്ത പ്രവാസി ഭാരതീയ സമ്മേളനത്തിൽ പ്രവാസി മലയാളികളിൽ ജീവനോടെ നാട്ടിലെത്താൻ വിധിയില്ലാത്ത ഹതഭാഗ്യർക്ക് മാന്യമായ അന്ത്യയാത്രയെങ്കിലും അനുവദിച്ചുകൊടുക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പ്രവാസി ഭാരതീയ സമ്മേളന പ്രതിനിധികൾ മുൻകൈ എടുക്കണമെന്നും യാത്ര സമിതി അഭ്യർത്ഥിച്ചു. കേരള സർക്കാറും സംസ്ഥാനത്തെ പാർലമെൻറംഗങ്ങളുംകൂടി ഇവർക്കൊപ്പം ഒറ്റക്കെട്ടായി നിന്നാൽ ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്ര സമിതി.
രാജ്യത്തിെൻറ സമ്പദ്ഘടനക്ക് വിലയേറിയ വിദേശനാണ്യം നേടിത്തരുന്നവരെന്ന് നേതാക്കളും സർക്കാറും പറയുന്നത് ഒരുപാട് തവണ കേട്ടുമടുത്ത പ്രവാസികൾ ഉറ്റവരുടെ മൃതദേഹം വെറും ചരക്കിന് തുല്യമായി കിലോവിന് 300 രൂപക്ക് മുകളിൽ എന്ന തോതിൽ തൂക്കിയശേഷം വിമാനടിക്കറ്റിന് ഉയർന്ന നിരക്ക് നൽകേണ്ടി വരുന്നത് പുനഃ പരിശോധിക്കണമെന്നു യാത്ര സമിതി ആവശ്യപ്പെട്ടു.
അടുത്ത അവധിക്കാലം മുന്നിൽകണ്ട് നിരക്ക് വർധന പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് കേരള ഗവൺമെൻറ് കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തി നിരക്ക് വർദ്ധനയ്ക്ക് തടയിടണം എന്നും അഭ്യർത്ഥിച്ചു കൊണ്ട് ബന്ധപ്പെട്ടവർക്ക് യാത്ര സമിതി മെയിൽ, ട്വിറ്റർ സന്ദേശങ്ങൾ അയച്ചു.