മനാമ: വിശ്വകലാ സാംസ്‌കാരിക വേദി ബഹ്‌റൈൻ, സൽമാനിയ ഹോസ്‌പിറ്റലുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. “നമ്മുടെ രക്തം മറ്റൊരാൾക്ക് ജീവന്റെ തുടിപ്പാണ്” എന്ന പേരിൽ സൽമാനിയ ഹോസ്‌പിറ്റലിൽ നടന്ന ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ നൂറ്റമ്പതോളം പേർ രക്തം നൽകുകയുണ്ടായി. പ്രവാസി കമ്മീഷൻ അംഗം ശ്രീ. സുബൈർ കണ്ണൂർ, ICRF അംഗവും മലപ്പുറം ജില്ലാ പ്രവാസി സംഘടനയുടെ പ്രസിഡണ്ടുമായ ശ്രീ. ചെമ്പൻ ജലാൽ, ബഹ്‌റൈൻ കേരളീയ സമാജം നോർക്ക ഹെൽപ്പ് ഡെസ്‌ക് കൺവീനർ ശ്രീ. രാജേഷ് ചേരാവള്ളി, സാംസ പ്രസിഡണ്ട് ശ്രീ. ജിജോ തുടങ്ങിയ സാമൂഹിക പ്രവർത്തകർ പ്രത്യേക ക്ഷണിതാക്കളായി ക്യാമ്പിൽ സംബന്ധിച്ചു.
രക്തം നൽകാൻ സന്നദ്ധരായി എത്തിയ വിശ്വകലാ പ്രവർത്തകർക്കും, സംഘടനാ പ്രവർത്തകരല്ലാത്ത മറ്റ് മനുഷ്യസ്‌നേഹികൾക്കും, സൽമാനിയ ആശുപത്രിയിലെ ജീവനക്കാർക്കും ഈ ക്യാമ്പുമായി മറ്റു പല രീതിയിലും സഹകരിച്ച എല്ലാവർക്കും വിശ്വകലയുടെ പേരിൽ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു. വിശ്വകലയുടെ പ്രസിഡണ്ട് ശ്രീ. ശിവദാസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ.ത്രിവിക്രമൻ സ്വാഗതവും, വൈസ് പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ നന്ദിയും അറിയിച്ചു.