മനാമ: പർച്ചെസിങ് മാനേജർ ആയി ജോലി ചെയ്യവേ 47000 ബഹ്‌റൈൻ ദിനാറുമായി തന്നെ കബളിപ്പിച്ചു മുങ്ങിയ മലയാളിക്കെതിരെ വെളിപ്പെടുത്തലുമായി ബഹ്‌റൈൻ പൗരൻ. നൂറിലധികം ഇന്ത്യക്കാരുടെ സ്ഥാപനങ്ങളുടെ സ്പോൺസറും വര്ഷങ്ങളായി ബഹറൈനിൽ ബിസിനസ് നടത്തി വരികയും ചെയ്യുന്ന യാസർ മുഹമ്മദ് ഖംബർ ആണ് മനാമയിലെ തന്റെ ഇലക്ട്രിക്കൽ സ്ഥാപനത്തിൽ നിന്നും 47000 ബഹ്‌റൈൻ ദിനാറുമായി കോഴിക്കോട് ജില്ലയിലെ വടകര, മണിയൂർ സ്വദേശി സുനിലാബ് കബളിപ്പിച്ചു മുങ്ങിയെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. നിരവധി മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ ബിസിനസുകളിൽ പങ്കാളിയായ താൻ ചതിക്കപ്പെട്ടിരിക്കുകയാണെന്നും, മറ്റ് ഇന്ത്യക്കാർക്ക് കൂടി ചീത്തപ്പേരുണ്ടാക്കാത്ത വിധത്തിൽ ഈ വ്യക്തിയെ കണ്ടെത്താൻ സഹായിക്കണമെന്നും ബഹ്‌റൈൻ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും നാട്ടിലേക്ക് കടന്നുകളഞ്ഞ മലയാളി കാരണം സാമ്പത്തികമായി നിലയില്ലാക്കയത്തിൽ അകപ്പെട്ടിരിക്കുന്ന താനും കുടുംബവും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നും ഇന്ന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ യാസർ അറിയിച്ചു.
2016 ലാണ് സുനിലാബ് എന്ന വ്യക്തിയെ വെച്ച് ആദ്യമായി ഇസാ ടൗണിൽ ഒരു ഇലെക്ട്രിക്കൽ സ്ഥാപനം നടത്തി വന്നത്. പിന്നീട് അതിന്റെ ഒരു ശാഖ മനാമയിലും തുറന്നു. ഈ സ്ഥാപനത്തിന്റെ മേൽനോട്ടം വഹിക്കാനായിരുന്നു പർച്ചെസിങ് മാനേജർ തസ്തികയിൽ സുനിലാബിനെ നിയമിച്ചത്. മറ്റു മലയാളികളുമായി നിരവധി ബിസിനസ് ചെയ്തു വന്നിരുന്നതിനാലും മൂന്നു വർഷത്തോളം കുഴപ്പങ്ങളേതുമില്ലാതെ മുന്നോട്ടു പോയിരുന്നതിനാലും സുനിലാബിനെ കൂടുതൽ വിശ്വസിച്ചതായി യാസർ പറഞ്ഞു. സാധനങ്ങൾ പർച്ചേസ് ചെയ്യാൻ കമ്പനികളിൽ പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ നൽകിയായിരുന്നു പലപ്പോഴും ബിസിനസ് നടത്തി വന്നിരുന്നത്. ഇതിനായി യാസർ ഒപ്പിട്ട ചെക്കുകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതിന്റെ പ്രായോഗിക ബുദ്ധിമുട്ടു കണക്കിലെടുത്ത് കമ്പനി WLL രജിസ്ട്രേഷനിലേക്കു മാറ്റാൻ പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്ഥാപനത്തിന്റെ നിലവിലെ സാമ്പത്തിക നില മോശമാണെന്നും പിന്നീട് ചെയ്യാമെന്ന് സുനിലാബ് വാക്കു നല്കുകയുമായിരുന്നെന്നു യാസർ പറഞ്ഞു.
എന്നാൽ മൂന്നു വര്ഷം നന്നായി പോയ സ്ഥാപനത്തിൽ നിന്നും നാലാം വര്ഷം ആദ്യമായി ഒരു കമ്പനിക്ക് കൊടുത്ത ചെക്ക് മടങ്ങിയപ്പോൾ ഒപ്പിട്ട ചെക്ക് കൊടുക്കൽ നിർത്തുകയും കയ്യിലുള്ള എല്ലാ ചെക്ക് ബുക്കുകളും തിരിച്ചേൽപ്പിക്കാൻ നിർദേശം നൽകുകയും തിരികെ വാങ്ങുകയുമാണുണ്ടായത്. പിന്നീട് അറിയുന്നത് കഴിഞ്ഞ മെയ് 23 ന് സുനിലാബ് നാട്ടിൽ പോയെന്ന വാർത്തയാണ്, അത് തന്നെ ഞെട്ടിക്കുകയും സംശയം തോന്നി കടയിൽ പരിശോധിച്ചപ്പോഴാണ് 47000 ബഹ്‌റൈൻ ദിനാറിൻറെ (ഏകദേശം 85 ലക്ഷം ഇന്ത്യൻ രൂപ) ചെക്ക് പല കമ്പനികളിലായി കൊടുത്തു സാധനങ്ങൾ വാങ്ങി കരിഞ്ചന്തയിൽ വില്പന നടത്തിയിരുന്നെന്നു മനസിലായത്. ഇതറിഞ്ഞപ്പോൾ താനും കുടുംബവും ഏറെ തളർന്നു പോയെന്നും ചെക്കിന്റെ ബാധ്യത തീർക്കാൻ വേറെ വഴിയില്ലാതെ തന്റെയും ഭാര്യയുടെയും വാഹനം വിൽക്കേണ്ടി വന്നതായും യാസർ പറഞ്ഞു.
കണക്കുകൾ പരിശോധിച്ചപ്പോഴാണ് 60000 ദിനാറോളം ബാധ്യതയാണ് സുനിലാബ് വരുത്തിവച്ചിരിക്കുന്നുവെന്നു മനസിലായത്. കൂടാതെ നാട്ടിലേക്ക് പോകും മുൻപ് തൊട്ടടുത്ത കടയിലെ സെയിൽസമാനെ വിശ്വസിപ്പിച്ചു 5000 ദിനാറിന്റെ ഇലക്ട്രിക്കൽ കേബിൾ വാങ്ങി കരിഞ്ചന്തയിൽ വില്പന നടത്തുകയും ചെയ്തിരുന്നതായും അറിഞ്ഞു. 150 ബഹ്‌റൈൻ ദിനാറിനു ജോലി ചെയ്തു വന്നിരുന്ന ആന്ധ്ര സ്വദേശിയായ സെയിൽസ്മാൻ ചതി മനസിലാക്കിയുടനെ നാട്ടിലേക്ക് പോകുകയുമുണ്ടായി. മാത്രമല്ല കടയിലെ ഡി വി ആർ അഴിച്ചുമാറ്റി വിലപിടിപ്പുള്ള പല സാധനങ്ങളും വിറ്റ് കാശാക്കിയതായി ബോധ്യപ്പെട്ടതായും യാസർ പറഞ്ഞു. ബഹ്‌റൈനിൽ വന്ന് തവണകളായെങ്കിലും തന്റെ കാശ് തിരികെ തരാൻ തയ്യാറായാൽ കേസ് പിൻവലിക്കാമെന്നും മാപ്പ് നല്കാമെന്നുമുള്ള ഉപാധിയിൽ ഇന്ത്യക്കാരായ സുഹൃത്തുക്കൾ വഴി നാട്ടിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സുനിലാബ് മറ്റൊരു രാജ്യത്തേക്ക് കടന്നതായി വിവരം ലഭിച്ചെന്നും ബന്ധുക്കൾ ഭീഷണിയുടെ സ്വരവുമായാണ് സംസാരിച്ചതെന്നും അറിയാൻ കഴിഞ്ഞതായി യാസർ കൂട്ടിച്ചേർത്തു. തന്നെയും കുടുംബത്തെയും പെരുവഴിയിലാക്കിയ ഇയാളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നല്ലവരായ എല്ലാ മലയാളികളും ഇന്ത്യക്കാരും തന്നെ സഹായിക്കണമെന്ന് വാർത്താ സമ്മേളനത്തിലൂടെ യാസർ അഭ്യർത്ഥിച്ചു.
നിരവധി ഇന്ത്യക്കാരുടെ ബിസിനസ് പങ്കാളിയും ഉടമയും ആശ്രിതനും ആയി നിലകൊള്ളുന്ന യാസറിനൊപ്പം നിലകൊള്ളേണ്ടത് പ്രവാസ ലോകത്തു വിശ്വാസ്യതയും സത്യസന്ധതയും കാത്തു സൂക്ഷിച്ചു വരുന്ന മലയാളികളുടെ എല്ലാം തന്നെ ഉത്തരവാദിത്തമാണെന്നും, മറ്റുള്ളവരുടെ കൂടി നിലനില്പിന്റെ പ്രശ്നമായതിനാൽ എല്ലാ വിധ പിന്തുണയും നൽകി ഏവരും കൂടെ നിൽക്കണമെന്നും വിഷയത്തിൽ ഇടപെട്ട സാമൂഹ്യ പ്രവർത്തകൻ ചെമ്പൻ ജലാൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ യാസർ മുഹമ്മദ് ഖംബർ, ചെമ്പൻ ജലാൽ, നൂറുദ്ധീൻ ഖാദർ, അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.