മനാമ: ‘‘സജീഷേട്ടാ…ആം ഓൾമോസ്റ്റ് ഓൺ ദ് വേ..നിങ്ങളെ കാണാൻ പറ്റുമെന്നു തോന്നുന്നില്ല… സോറി… ലവൻ, കുഞ്ഞു, ഇവരെ ഒന്നു ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്.. വിത്ത് ലോട്സ് ഓഫ് ലവ്..ഉമ്മ…’’ മലയാളികകളുടെ മനസ്സിൽ മായാതെ നിൽക്കുന്ന, ആതുര സേവനത്തിനിടയില്‍ നിപ്പ വൈറസ് ബാധിച്ച് രക്തസാക്ഷിയായ ലിനിയുടെ കൈ പടയിൽ എഴുതിയ കത്തിലെ വരികളാണിവ. മെഡിക്കൽ കോളേജ് ലെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും ബഹ്‌റൈനിൽ ജോലി ചെയ്തിരുന്ന ഭർത്താവ് സജീഷിന് എഴുതിയ കത്തിലെ ഉള്ളടക്കം മനസ്സിൽ മായാതെ സൂക്ഷിച്ച ബഹ്‌റൈൻ പ്രവാസലോകം ഇന്ന് സജീഷിനെയും മക്കളെയും വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. സജീഷ് കൂടി ഭാരവാഹിയായിരുന്ന ‘ഒരുമ ബഹ്‌റൈൻ’ ൻറെ നേതൃത്വത്തിൽ കൂട്ടുകാരും ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക കൂട്ടായ്മകളും പ്രവർത്തകരും സംഘടിച്ചുകൊണ്ട് ജൂലൈ 12, വെള്ളിയാഴ്ച വൈകിട്ട് 7 മണിമുതൽ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടത്തപ്പെടുന്ന “സിസ്റ്റർ ലിനി, സ്നേഹസ്മൃതി” പരിപാടിയിൽ പങ്കു ചേരാനാണ് അവരെത്തുന്നത്. ഭർത്താവ് സജീഷ്, മക്കളായ റിതുൽ(6) സിദ്ധാർഥ്(3) എന്നിവരെ കൂടാതെ ലിനിയുടെ ‘അമ്മ രാധ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
ആത്മാർത്ഥതയുടേയും സേവനസന്നദ്ധതയുടേയും ത്യാഗത്തിന്റേയും പ്രതീകമായ ഈ ‘ഭൂമിയിലെ മാലാഖ’ വിടപറഞ്ഞിട്ട് ഒരുവർഷം പിന്നിടുമ്പോൾ, ‘മക്കളെ ബഹ്‌റൈൻ കാണിക്കാൻ കൊണ്ടുപോകണമെന്ന’ അവസാന അഭ്യർത്ഥന പൂർത്തീകരിക്കാൻ ആവുന്നതിൽ തങ്ങൾക്കും പങ്കുചേരാനായതിൻറെ നിർവൃതിയിലാണ് തങ്ങളെന്ന് സജീഷിന്റെ കൂട്ടുകാരും ഒരുമ ബഹ്‌റൈൻ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും പങ്കു ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി സാമൂഹിക സംഘടന പ്രതിനിധികളും പൊതുപ്രവർത്തകരും ഉൾപെടുന്ന വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിരുന്നു.
പ്രവാസ ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരെ സാന്ത്വനിപ്പിക്കാനും സഹായിക്കാനും അശരണർക്കും അഗതികൾക്കും ഒരു കൈത്താങ്ങാവാനും രൂപം കൊടുത്ത സൗഹൃദ കൂട്ടായ്മയായ ഒരുമ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിന്റ സഹകരണത്തോടെ കോൺവെക്സ് ഇവെന്റ്‌സുമായി ചേർന്ന് മലബാർ ഗോൾഡ് & ഡയമണ്ട്സു ന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കുചേരുന്ന ചടങ്ങിൽ ബഹ്‌റൈനിലെ വിവിധ ആശുപത്രികളിൽ ജോലിചെയ്തുവരുന്ന പത്ത് നഴ്സുമാരെ, രാഷ്ട്രം ഫ്‌ളോറിൻസ് നൈറ്റിംഗേൽ ആയി പ്രഖ്യാപിച്ച സിസ്റ്റർ ലിനിയുടെ പേരിൽ ആദരിക്കും. ഒപ്പം ദിനേശ് മാവൂർ, സിസ്റ്റർ ലിനിയുടെ രേഖചിത്രങ്ങൾ ഉൾപ്പെടുത്തി തയാറാക്കുന്ന സാൻഡ് ആർട്ടിൻറെ പ്രദർശനവും പ്രമുഖ പിന്നണി ഗായകരായ അജയ്‌ഗോപാൽ ,സിന്ധു പ്രേംകുമാർ എന്നിവർ അവതരിപ്പിക്കുന്ന മെലഡി മ്യൂസിക്കൽ നൈറ്റും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്ര സമ്മേളനത്തിൽ സംഘാടക കമ്മിറ്റി രക്ഷാധികാരികളായ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ആർ.പവിത്രൻ, ചെയർമാൻ ചെമ്പൻ ജലാൽ, ഒരുമ പ്രസിഡൻറ് സവിനേഷ്, സെക്രട്ടറി സനീഷ്, ജനറൽ കൺവീനർ അവിനാഷ്, ട്രഷറർ ഗോപാലൻ, പ്രോഗ്രാം കൺവീനർ വി.കെ ജയേഷ്, പ്രോഗ്രാം കോ ഒാർഡിനേറ്റർ ബബിലേഷ്, ഒാർഗനൈസർ ഷിബീഷ് എന്നിവർ പങ്കെടുത്തു.