റിയാദ്: സൗദിയിൽ ടെലികോം, ഐടി മേഖലയിൽ ഘട്ടം ഘട്ടമായി സ്വദേശിവൽക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി ഐടി മന്ത്രാലയം അറിയിച്ചു. പുതിയ നിയമത്തിലൂടെ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. വൻകിട കമ്പനികളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് പദ്ധതി.
ഉന്നത തസ്‌തികകൾ സ്വദേശിവൽക്കരിക്കുകയും ഈ തസ്തികകളിൽ സ്വദേശി വനിതകളെ നിയമിക്കാനുമാണ് മന്ത്രാലയം ഒരുങ്ങുന്നത്. ടെലികോം, ഐ.ടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ മന്ത്രാലയം നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വർഷാവസാനത്തെ കണക്കു പ്രകാരം ടെലികോം, ഐടി മേഖലയിൽ 1,51,000 വിദേശികളും 1,12,000 സ്വദേശികളുമാണ് ജോലി ചെയ്യുന്നത്. വിദേശികൾക്ക് പകരം ഘട്ടം ഘട്ടമായി സ്വദേശികൾക്കു തൊഴിൽ ലഭ്യമാക്കുന്നതിനാണ് മന്ത്രാലയത്തിന്റെ ശ്രമം. കോൾ സെന്ററുകളും ഔട്ട് സോഴ്‌സിംഗ് സെന്ററുകളും പോലുള്ള പുതിയ ബിസിനസ്സ് മാതൃകകൾ നടപ്പിലാക്കി സ്വദേശി വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ടെലികോം ഐടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും മന്ത്രാലയം ശ്രമിക്കുന്നുണ്ട്.