ബഹ്‌റൈൻ മാർത്തോമ്മാ പാരിഷ് അധ്യാപക കൂട്ടായ്മയുടെ മലയാളം ക്ലാസ്സിന് തുടക്കമായി

മനാമ: ബഹ്‌റൈൻ മാർത്തോമ്മാ പാരിഷ് അധ്യാപക കൂട്ടായ്മയായ, മെന്റർസ് ഫോറം നേതൃത്വം നൽകുന്ന മധുരമീ മലയാളം എന്ന ഭാഷാ പഠനകളരിക്ക് ആരംഭം കുറിച്ചു.

ജൂലൈ 12 വെള്ളിയാഴ്ച 11മണിക്ക് സനദിലുള്ള മാർത്തോമ്മാ പള്ളിയങ്കണത്തിൽ ഇന്ത്യൻ സ്‌കൂൾ കമ്മിറ്റിയംഗവും ബഹ്‌റൈനിലെ അറിയപ്പെടുന്ന സാഹിത്യകാരനുമായ ശ്രീ.സജി മങ്ങാട് തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു.

മലയാളത്തിന്റെ സംസ്കാരം തലമുറകളിലേക്ക് പകർന്നു നൽകുവാനും, ജീവിതത്തിൽ ബുദ്ധിപരമായി മുന്നേറുവാനും വികാരവിചാരങ്ങളെയും ചിന്തകളെയും ഉത്തേജിപ്പിക്കുവാനും മാതൃഭാഷാ പഠനം അനിവാര്യമാണ് എന്ന് ഉദ്‌ഘാടനപ്രസംഗത്തിൽ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ഇടവക വികാരി റവ. മാത്യു കെ. മുതലാളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സഹവികാരി റവ. വി. പി. ജോൺ, ട്രസ്റ്റി ശ്രീ.ബാജി ഓടംവേലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അവധിക്കാലങ്ങളിൽ വെള്ളിയാഴ്ച ആരാധാനാന്തരവും പിന്നീട് ശനിയാഴ്ചകളിലും മലയാളം ക്ലാസുകൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.