സൂപ്പർ ഓവറിലേക്ക് നീങ്ങിയ ആവേശകരമായ ഫൈനൽ; ICC ലോക ചാമ്പ്യന്മാരായി ഇംഗ്ലണ്ട്.’

ഐ സി സി ലോകകപ്പിന്റെ സൂപ്പർ ഓവറിലേക്ക് നീങ്ങിയ ആവേശകരമായ ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ട്  ചാമ്പ്യൻമാർ. സൂപ്പർ ഓവറിൽ കേവലം 1 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ന്യൂസിലാന്റ് ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ ഇംഗ്ലണ്ട് 241 ൽ തന്നെ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. ടൈ ബ്രേക്കറിനെ തുടർന്ന് സൂപ്പർ ഓവറിലേക്ക് നീങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒരോവറിൽ 15 റൺസ് നേടി. 16 റൺസ് പിന്തുടർന്ന ന്യൂസിലാന്റ് 15 റൺസ് നേടി വീണ്ടും തുല്യരായെങ്കിലും നഷ്ടപ്പെട്ട വിക്കറ്റിന്റെയും ഇംഗ്ലണ്ട് നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.. കപ്പിനും ചുണ്ടിനും ഇടയിൽ നിന്ന് ന്യൂസിലാന്റിന് നിരാശരായി മടങ്ങേണ്ടി വന്നു.

സെമിയിൽ ശക്തരായ ഇന്ത്യയെ തകർത്താണ് ന്യൂസിലാൻറും ഓസ്’ട്രേലിയയെ തകർത്താണ് ഇംഗ്ലണ്ടും ഫൈനലിലെത്തിയത്. ഇതുവരെ കപ്പ് നേടിയിട്ടില്ലാത്ത രണ്ടു ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടിയതെന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47) എന്നിവരുടെ ഇന്നിങ്‌സാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ലിയാം പ്ലങ്കറ്റിന്റെ പ്രകടനം ഇംഗ്ലണ്ടിന് തുണയായി. പ്ലങ്കറ്റിന് പുറമെ, ക്രിസ് വോക്‌സും മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് മുന്‍നിരയെ കിവീസ് ബൗളര്‍മാര്‍ ഒതുക്കിയപ്പോള്‍ ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്‌സുമാണ് ആതിഥേയരെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. ബട്‌ലര്‍ 59 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സ്റ്റോക്‌സ് 84 റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാല്‍ അവസാന പന്തില്‍ ഇംഗ്ലണ്ടിന്‍റെ അവസാന വിക്കറ്റ് വീണതോടെ കളി സമനിലയില്‍. സ്‌കോര്‍: 241-10 (50.0).

സൂപ്പർ ഓവറിൽ കിവികള്‍ക്കായി പന്തെടുത്തത് ബോള്‍ട്ട്. സ്റ്റോക്‌സും ബട്‌ലറും ചേര്‍ന്ന് 15 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി പന്തെടുത്തത് ജോഫ്ര ആര്‍ച്ചര്‍. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന കിവീസ് ബാറ്റ്സ്‌മാന്‍മാരെ ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ തോല്‍പിച്ചു. റോയ്‌യുടെ ത്രോയില്‍ ബട്‌‌ലര്‍ സ്റ്റംപ് ചെയ്തപ്പോള്‍ സമനിലയും ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പും.