തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ മുഖ്യ പ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലായി. തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടിൽവെച്ചാണ് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഇരുവരും പിടിയിലായത്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരിൽ അഞ്ച് പ്രതികൾ ഉൾപ്പെടെ ആറുപേർ പിടിയിലായി. കേസിലെ പ്രതികളായ ആരോമൽ, ആദിൽ, അദ്വൈത്, ഇജാബ് എന്നിവരെ ഇന്നലെ വൈകീട്ടാണ് പോലീസ് പിടികൂടിയത്. ശിവരഞ്ജിത്തിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ സീലുകൾ പതിപ്പിക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകൾ കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രതികളായ വിദ്യാർഥികളെ പുറത്താക്കുന്നടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി യൂണിവേഴ്സിറ്റി കോളേജ് കൗൺസിൽ യോഗം ഇന്ന് ചേരും.