യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ; ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടത് 30 മണിക്കൂർ വൈകി

ദുബായ്: ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം പുറപ്പെട്ടത് 30 മണിക്കൂർ വൈകി. പുറപ്പെടാൻ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. രണ്ടും മൂന്നും ദിവസത്തെ അവധിക്കായി നാട്ടിലേക്ക് പുറപ്പെടാനിരുന്നവര്‍ക്ക് യാത്ര റദ്ദാക്കേണ്ടി വന്നു. വിമാനത്തിന്റെ സാങ്കേതിക തകരാർ മൂലമാണ് വൈകിയതെന്നാണ് അധികൃതരുടെ വിശദീകരണം. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനം പുറപ്പെടാന്‍ വൈകിയതുമൂലം ദുരിതമനുഭവിച്ചത്. യാത്ര പുറപ്പെടുന്നതിന്റെ ഒരു മണിക്കൂർ മുമ്പാണ് വിമാനം വൈകുമെന്ന് അധികൃതർ അറിയിച്ചത്. യാത്രക്കാർ വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസെടുത്ത് യാത്രക്ക് ഒരുങ്ങിയപ്പോളാണ് വിവരം അറിയുന്നത്. ദുബായിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ട വിമാനം ഒന്നര ദിവസം വൈകി യുഎഇ സമയം വൈകീട്ട് 7.30നാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്.