ബഹ്‌റൈനിൽ പെൺകുട്ടികൾക്കായി പുതിയ രണ്ട് പബ്ലിക് സ്കൂളുകൾ തുറക്കുന്നു

മനാമ: ബഹ്‌റൈനിൽ പുതിയ അധ്യയന വർഷാരംഭത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ പെൺകുട്ടികൾക്കായി പുതിയ രണ്ട് പബ്ലിക് സ്കൂളുകൾ കൂടി തുറക്കുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥിനികളെ ആദ്യമായി പ്രവേശിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ അറിയിച്ചു. പെൺകുട്ടികൾക്കായുള്ള ശൈഖ മോസ ബിന്ത് ഹമദ് അൽ ഖലീഫ സ്കൂൾ, ഹമദ് ടൗണിലെ ഒരു പുതിയ പ്രൈമറി ഗേൾസ് സ്കൂൾ, മുഹറഖ് പ്രൈമറി സ്കൂളിലെ അക്കാദമിക് കെട്ടിടം എന്നിവയുടെ ഉദ്‌ഘാടനത്തിന് പുതിയ അധ്യയന വർഷം സാക്ഷ്യം വഹിക്കും.

പെൺകുട്ടികൾക്കായുള്ള വെസ്റ്റ് റിഫ പ്രൈമറി സ്കൂളിൽ ഒരു അക്കാദമിക് കെട്ടിടവും മൾട്ടി പർപ്പസ് ഹാളും നിർമ്മിക്കും. അൽ സലാം പ്രൈമറി സ്കൂളിൽ ഒരു അധിക നിലയും ഇതോടൊപ്പം നിർമ്മിക്കുന്നുണ്ട്.  ഇന്നലെ വിവിധ സ്കൂളുകളുടെ വികസനം പരിശോധിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് അൽ നുയിമി നടത്തിയ സന്ദർശനത്തിനിടെയാണ് പദ്ധതികളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. എല്ലാ തലങ്ങളിലും വിദ്യാഭ്യാസ മേഖല വികസിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ആവശ്യമായ ലബോറട്ടറികൾ, മൾട്ടി പർപ്പസ് ഹാളുകൾ, ക്ലാസ് മുറികൾ എന്നിവ എല്ലാ സ്കൂളുകളിലും സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സ്കൂളുകൾ പരിശോധിക്കുന്നതിനായി വർക്ക്സ്, മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്ട്രി രണ്ട് കൺസൾട്ടൻസി കമ്പനികളെ നിയോഗിക്കുകയും അവർ റിപ്പോർട്ട് മന്ത്രിസഭയിലേക്ക് റഫർ ചെയ്യുകയും ചെയ്തിതിരുന്നു.