bahrainvartha-official-logo
Search
Close this search box.

ബഷീറിന്റെ മുഖം അവസാനമായി കണ്ടപ്പോള്‍ ഉണ്ടായത് ഒരു കുടുംബാംഗം വിടപറഞ്ഞ വികാരം, ഉത്തരവാദികൾ നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ വേണ്ടത് ചെയ്യും: മുഖ്യമന്ത്രി

km basheer

തിരുവനന്തപുരം: തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ മരണമടഞ്ഞത് അത്യധികം വ്യസനം ഉണ്ടാക്കിയ അനുഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ബഷീര്‍ ആരുടെയും മനസില്‍ പതിയുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ബഷീറിന്റെ മുഖം അവസാനമായി കണ്ടപ്പോള്‍ ഒരു കുടുംബാംഗം വിടപറഞ്ഞ വികാരമാണ് ഉണ്ടായത്. ബഷീര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ സവിശേഷമായ സാഹചര്യത്തില്‍ തൊഴില്‍ എടുക്കുന്നവരാണ്. ജോലിയുടെ ഭാഗമായ ഒരു യോഗത്തിനു ശേഷം കൊല്ലത്തുനിന്ന് തിരിച്ചെത്തി അന്നത്തെ പത്രം അച്ചടിക്കുവേണ്ട ആശയവിനിമയം നടത്തിയതിനു തൊട്ടുപിന്നാലെയാണ് വഴിയില്‍ ബഷീറിന് ദാരുണമായ അന്ത്യമുണ്ടായത്.

മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രത്യേകമായ തൊഴില്‍ സാഹചര്യത്തിന്റെ ഫലമായിട്ട് കൂടിയാണ് ആ സമയത്ത് ബഷീറിന് യാത്ര ചെയ്യേണ്ടി വന്നതും ജീവന്‍ നഷ്ടപ്പെട്ടതും. അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യും. ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും അക്കാര്യത്തില്‍ അനുവദിക്കില്ല. അതോടൊപ്പം മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യങ്ങളിലെ അപകട പരിരക്ഷ കുടുതല്‍ ഉറപ്പാക്കാന്‍ വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരു ഇന്‍ഷുറന്‍സ് പദ്ധതി നിലവിലുണ്ട്. അത് വിപുലപ്പെടുത്തുകയും ഏതു സങ്കീര്‍ണമായ അപകട ഘട്ടങ്ങളെയും തരണം ചെയ്യാന്‍ പര്യാപ്തമാകും വിധത്തിലും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലും പുനക്രമീകരിക്കുകയും വേണം. അതിനാവശ്യമായ നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ ഗവണ്‍മെന്റ് സ്വീകരിക്കും.

മദ്യപിച്ചു വാഹനം ഓടിച്ചു, മനഃപൂര്‍വമായ നരഹത്യ, സ്വന്തം കുറ്റം സഹയാത്രികയുടെ തലയില്‍ കെട്ടിവച്ചു രക്ഷപെടാന്‍ ശ്രമിച്ചു, രക്തപരിശോധനയ്ക്ക് വിസമ്മതിച്ചു, തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു മുതലായവയാണ്‌ ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റങ്ങൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!