മനാമ: അപ്രതീക്ഷിതമായുണ്ടായ രൂപയുടെ മൂല്യ ഇടിവിനെത്തുടർന്ന് ഗള്‍ഫിലെ മണി എക്സ്‍ചേഞ്ച് സ്ഥാപനങ്ങളില്‍ നാട്ടിലേക്ക് പണമയക്കാനെത്തുന്ന പ്രവാസികളുടെ വൻതിരക്ക്. സാമ്പത്തിക രംഗത്തെ മന്ദത, പണപ്പെരുപ്പം, കശ്മീര്‍ വിഷയം തുടങ്ങിയ കാരണങ്ങളാലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. മൂല്യം ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. ഇന്നലെ ബഹ്‌റൈൻ ദിനാറിന് 187 രൂപയിലധികം വരെ ചില എക്സ്‍ചേഞ്ചുകള്‍ നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ ഡോളറിനെതിരെ തിങ്കളാഴ്ച മാത്രം രൂപയ്ക്ക് 1.4 ശതമാനത്തിന്റെ ഇടിവ് നേരിട്ടിരുന്നു. കഴിഞ്ഞ ഡിസംബറിന് ശേഷം ഇത്രയും ഇടിവ് രൂപ നേരിടുന്നതും ഇതാദ്യമായാണ്. ഓഹരി വിപണിയിൽ ശക്തമായ ഇടിവ് നേരിട്ടത് കശ്മീർ ബില് രാജ്യസഭ പാസാക്കിയ ദിവസങ്ങളിലായിരുന്നു. ഒറ്റ ദിനം കൊണ്ട് ബഹ്‌റൈൻ ദിനാറിനെതിരെ 184 രൂപയിൽ നിന്നും 187 രൂപയായി മാറിയിരുന്നു അന്ന്.