മനാമ: മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ അനുശോചനങ്ങളോടെ ബഹ്‌റൈൻ പ്രവാസ ലോകവും. വിയോഗ വാർത്ത വളരെ ഞെട്ടലോടെയായിരുന്നു പ്രവാസി സമൂഹം എതിരേറ്റത്. വിദേശകാര്യ മന്ത്രിയായിരിക്കെ ബഹ്റൈനിലെ നിരവധി പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ അവർ നൽകിയ ഇടപെടലുകളെ ആദരപൂർവം ഓർക്കുന്നെന്ന് സാമൂഹ്യ പ്രവർത്തകർ പ്രതികരിച്ചു.
കേന്ദ്രമന്ത്രിയായിരിക്കെ ബഹ്റൈനിലെ ഇന്ത്യൻ എംബസി ഉദ്ഘാടനം നിർവഹിക്കാനായിരുന്നു സുഷമാ സ്വരാജ് അവസാനമായി ബഹ്റൈനിലെത്തിയിരുന്നത്. പ്രവാസികളുടെ ഹൃദയം തൊട്ടറിഞ്ഞ ഒരു വിദേശകാര്യ മന്ത്രിയായിരുന്നു സുഷമാ സ്വരാജെന്ന് ബഹ്റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി അനുസ്മരണ കുറിപ്പിൽ പറഞ്ഞു.
ശ്രീമതി സുഷമ സ്വരാജ് ന്റെ വിയോഗം വിദേശ ഇന്ത്യക്കാർക്ക് തീരാ നഷ്ടമാണെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം അഭിപ്രായപ്പെട്ടു. അഞ്ച് വർഷക്കാലം വിദേശകാര്യമന്ത്രി എന്ന നിലയിൽ പ്രവാസി ഇന്ത്യക്കാരുടെ വിഷയങ്ങളിൽ അടിയന്തിരമായി ഇടപെടുകയും, അതിന് പരിഹാരം കാണുവാൻ ശ്രമിക്കുകയും ചെയ്ത മന്ത്രി എന്ന എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടി്ച്ചേർത്തു. വിദേശ കാര്യ മന്ത്രി ആയിരുന്നപ്പോൾ ഡൽഹിയിൽ വച്ചു നടത്തിയ കൂടിക്കാഴ്ചയിൽ പ്രവാസി വിഷയങ്ങളിൽ അവർക്കുള്ള അഗാധമായ പരിജ്ഞാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കുറിച്ചു.
മുൻ വിദേശ കാര്യ മന്ത്രി ശ്രീമതി. സുഷമ സ്വരാജിന്റെ നിര്യാണത്തിൽ ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയും അനുശോചിച്ചു. വിദേശകാര്യ മന്ത്രി എന്ന നിലയിൽ പ്രവാസി വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും, ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ സഹായിക്കുവാൻ വളരെ അധികം കാര്യങ്ങൾ ചെയ്ത മന്ത്രി ആയിരുന്നു, എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികളുമായി നല്ല ബന്ധം പുലർത്തുവാൻ ശ്രീമതി സുഷമ സ്വരാജ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇത് മൂലം ഇൻഡ്യാക്കാരായ പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ സുരക്ഷിതത്വം ലഭിക്കും എന്ന ഉണ്ടാക്കിഎടുക്കുവാൻ സാധിച്ചു. പ്രവാസി സമൂഹത്തിന് സുഷമ സ്വരാജിന്റ വേർപാട് തീരാ നഷ്ടമാണെന്നും ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അനുശോചന പ്രമേയത്തിലൂടെ അറിയിച്ചു.
പ്രവാസ ലോകത്തിന്റെ വലിയ നഷ്ടമാണ് സുഷമാജിയുടെ വേർപാടെന്ന് ഹ്യൂമാനിറ്റേറിയൻ എയ്ഡ് വേൾഡ് NRI കൗൺസിൽ മിഡിൽ ഈസ്റ്റ് ഡയറക്ടർ സുധീർ തിരുനിലത്ത് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ആദരണീയയായ നേതാവും മനുഷ്യ സ്നേഹിയുമായ അവർ സേവനത്തിൽ ശ്രദ്ധേയമായ അർപ്പണബോധവും വിവേകവും ദീർഘവീക്ഷണവും പ്രകടിപ്പിച്ച വ്യക്തിയായിരുന്നെന്നും വിദേശകാര്യ രംഗത്ത് ഒരു വലിയ കുതിച്ചുചാട്ടം നടത്താൻ അവർക്ക് സാധിച്ചെന്നും അനുസ്മരിച്ചു.
നിര്യാണത്തിൽ ഇന്ത്യൻ എംബസിയും, ഐ സി ആർ എഫും ബഹ്റൈൻ കേരളീയ സമാജവും അനുശോചന യോഗങ്ങൾ സംഘടിപ്പിച്ചു.