bahrainvartha-official-logo
Search
Close this search box.

ബി.കെ.എസ് ഗുരുപൂജ പുരസ്കാരം പ്രമുഖ ചിത്രകലാ അധ്യാപകൻ ചിക്കൂസ് ശിവന്

chikoos

മനാമ: കുട്ടികളുടെ കലാരംഗത്തും അധ്യാപന രംഗത്തും നൽകിയ സമഗ്ര സംഭവനയ്ക്കായി ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ “ഗുരുപൂജ പുരസ്കാരം ” പ്രമുഖ ചിത്രകലാ അധ്യാപകനായ ചിക്കൂസ് ശിവന്. കഴിഞ്ഞ അരനൂറ്റാണ്ടായി അധ്യാപകൻ എന്ന നിലയിലും കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളുടെ വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും ഉതകുന്ന പഠനകളരികളിലുടെയും കളിയരങ്ങുകളിലൂടെയും കേരളത്തിന് അകത്തും പുറത്തും നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെയും മാനിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.

കുട്ടികളുടെ കലാ പ്രവർത്തനങ്ങൾക്കായി 1984 ൽ ആലപ്പുഴ കേന്ദ്രമാക്കി സ്ഥാപിച്ച ചിക്കൂസ് കളിയരങ്ങ് എന്ന ചിൽഡ്രൻസ് തീയേറ്ററിന്റെ ഡയറക്ടറാണ് ചിക്കൂസ് ശിവൻ. കളിയരങ്ങിന്റെ കീഴിൽ ആരംഭിച്ച കുട്ടികളുടെ അവധിക്കാല പഠന കളരി കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ആദ്യമായി ദൃശ്യമാധ്യമങ്ങളിലൂടെ കുട്ടികൾക്ക് വേണ്ടി ചിത്രരചനാ പാഠം ആരംഭിച്ചത് ഏഷ്യാനെറ്റ് ചാനലിലൂടെ ഇദ്ദേഹമാണ്.
ദുരദർശൻ, ജീവൻ ടിവി, സൂര്യ ടി.വി തുടങ്ങിയ ചാനലുകളിലും ചിത്രരചന – കാർട്ടൂൺ പാഠങ്ങൾ അവതരിപ്പിച്ചു വരുന്നു.

സംസ്ഥാനക്ക് സ്കൂൾ യുവജനോത്സവത്തിനുവേണ്ടി നിരവധി നാടകങ്ങൾ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഇതിനകം ആയിരത്തിലധികം വേദികൾ പിന്നിട്ടു കഴിഞ്ഞ ” വരയും ചിരിയും ചിന്തയും” എന്ന ഇദ്ദേഹത്തിന്റെ ഏകഹാര്യ ചിത്രരചന ഏറെ പ്രശസ്തമാണ്. അതിനു പുറമെ മാജിക്, ആർട്ട്, ഡ്രാമ എന്നീ മൂന്ന് കലാരൂപങ്ങളേയും സമന്വയിപ്പു കൊണ്ട് “മാഡ് ” എന്ന പേരിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ അവതരിപ്പിച്ചു വരുന്ന പരിപാടിയും ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 1999ൽ നാഷണൽ അവാർഡ് ടീച്ചേഴ്സ് ഫെഡറേഷന്റെ മികച്ച കലാ അധ്യാപകനുള്ള ഗുരുശ്രേഷ്ഠ പുരസ്കാരവും 2002 ൽ കേരള സംസ്ഥാന അധ്യാത്മിക സമിതി പുരസ്കാരവും ലഭിച്ചു. കൂടാതെ മികച്ച ഫ്ലോട്ടിന്റെ സംവിധാനത്തിന് വിനോദ സഞ്ചാര വകുപ്പിന്റെ പുരസ്കാരവും രണ്ട് തവണ ലഭിച്ചു.

ആർട്ട് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ വിഭവ സമാഹരണ സമിതിയിലും സംസ്ഥാന സ്കൂൾ യുവജനോത്സവ കമ്മറ്റിയിലും മാനുവൽ പരിഷ്ക്കരണ സമിതിയിലും അംഗമായിരുന്നിട്ടുള്ള ഇദ്ദേഹം കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിദേശത്തും കുട്ടികളുടെ കലാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ശില്പശാലകൾക്കും കളിയരങ്ങുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. ബഹ്റൈൻ കേരളീയ സമാജം നടത്തി വരുന്ന നാൽപ്പത്തിയഞ്ചു ദിവസം നീണ്ടു നിൽക്കുന്ന വേനൽ അവധിക്കാല അരങ്ങായ കളിക്കളത്തിന്റെ ഡയറക്ടറും ചിക്കൂസ് ശിവനാണ്. ഇത് നാലാം തവണയാണ് ബഹ്റൈനിൽ അദ്ദേഹം ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഭാര്യ രാജേശ്വരിയും കലാപ്രവർത്തനങ്ങളിൽ സഹായിയായി അദ്ദേഹത്തെ അനുഗമിക്കുന്നു. ആശിഷ് നായർ (കോർപ്പറേറ്റ് ഹെഡ്, ആർ.പി ഗ്രൂപ്പ്) അഖിലേഷ് നായർ ( എഞ്ചിനീയർ, അമേരിക്ക) എന്നിവർ മക്കളാണ്.

കഴിഞ്ഞ ഒന്നരമാസക്കാലമായി നടന്നു വരുന്ന സമാജം സമ്മർ ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമർപ്പിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
ആഗസ്റ്റ് പതിനാറ് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ചടങ്ങിൽ മലയാള മേനോരമയുടെ സീനിയർ അസ്സോസിയേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം മുഖ്യ അതിഥിയായിരിക്കും. കളിക്കളത്തിൽ പങ്കെടുത്ത കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!