“ദുരിതാശ്വാസത്തിന്റെ പേരിൽ പേർസണൽ അക്കൗണ്ടിലേക്കു സംഭാവനകൾ അയക്കുന്നത് മാക്സിമം ഒഴിവാക്കുക, നന്മ ചെയ്യാൻ മുട്ടി വയ്യാണ്ടായ കുറെ ടീംസ് ഇറങ്ങീട്ടുണ്ട്- സൂക്ഷിക്കുക; പ്രശാന്ത് നായർ

തട്ടിപ്പുകാരെ പരമാവധി ഒഴിവാക്കാൻ ദുരിതാശ്വാസത്തിനായി പണം നല്‍കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ റിലീഫ് ഫണ്ടിലേക്ക് പണം നല്‍കിയാല്‍ മതിയെന്ന മുന്നറിയിപ്പുമായി ഐഎഎസ് ഉദ്യോഗസ്ഥനും കോഴിക്കോട് മുന്‍ കലക്ടറുമായ പ്രശാന്ത് നായര്‍. ദുരിതാശ്വാസത്തിന്‍റെ പേരില്‍ പണം വ്യക്തിപരമായ അക്കൗണ്ടുകളിലേക്ക് നല്‍കുന്നത് പരമാവധി ഒഴിവാക്കണമെന്നും സിഎംഡിആര്‍എഫിലേക്കോ അല്ലെങ്കില്‍ വിശ്വസ്തരായ സംഘടനകള്‍ വഴിയോ നല്‍കിയാല്‍ മതി എന്നുമാണ് പ്രശാന്ത് ഫേസ്ബുക് പോസ്റ്റിലൂടെ കുറിച്ചത്. സാധന സാമഗ്രികള്‍ ജില്ലതല കളക്ഷന്‍ സെന്‍ററില്‍ ഏല്‍പ്പിക്കുകയോ മികച്ച സംഘടനകള്‍ വഴി നല്‍കുകയോ ചെയ്താല്‍ മതിയെന്നും തട്ടിപ്പുകാരാണെന്ന് തോന്നിയാല്‍ പൊലീസില്‍ അറിയിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്. നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും. അവർക്ക് ‘നന്മ’ ചെയ്യാൻ മുട്ടി വയ്യാണ്ടായിട്ടാ. പണം സ്വകാര്യ അക്കൗണ്ടിലേക്കോ ക്യാഷായിട്ടോ ചോദിക്കും. (പരിചയക്കാരോ കൂട്ടുകാരോ ഏകോപിപ്പിക്കാൻ പിരിവിടുന്ന കാര്യമല്ല പറയുന്നത്) ബ്രോസ്, ദുരിതാശ്വാസത്തിന്റെ പേരിൽ പേർസണൽ അക്കൗണ്ടിലേക്കു സംഭാവനകൾ അയക്കുന്നത് മാക്സിമം ഒഴിവാക്കുക. നിങ്ങൾക്ക് നിങ്ങളുടെ പണം ചെലവാക്കാൻ എന്തിന് വേറൊരു സൂര്യോദയം? സാധനസാമഗ്രികൾ നിങ്ങൾക്ക് തന്നെ വാങ്ങി ജില്ലാതലത്തിലെ കളക്ഷൻ പോയിന്റുകൾ വഴിയോ വിശ്വസ്തരായ സംഘടനകൾ വഴിയോ കൊടുത്തയക്കാവുന്നതേ ഉള്ളൂ.

പണമായിട്ട് കൊടുക്കാനാണെങ്കിൽ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ട്‌ (CMDRF) ആണ് ബെസ്റ്റ് ഓപ്ഷൻ. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത, നല്ല ട്രാക്ക് റക്കോർഡുള്ള സന്നദ്ധ സംഘടനകൾ. ഉഡായിപ്പുകൾ എന്ന് ഫീൽ ചെയ്യുന്ന കേസുകൾ പോലീസിൽ അറിയിക്കുക. ഇത്തരം പിരിവുകളും ദുരന്തനിവാരണ നിയമത്തിൽ കുറ്റകരമാണ്. അന്യന്റെ പോക്കറ്റിലെ പണം കണ്ട് പുണ്യം ചെയ്യാനിറങ്ങുന്ന പിരിവുകാരെ കാണുമ്പം താഴെക്കാണുന്ന എക്സ്പ്രഷൻ ഇട്ടാ മതി. CMDRF ഉള്ളപ്പൊ എന്തിന് വേറൊരു സൂര്യോദയം?