എമിറേറ്റ്സിൽ സെപ്റ്റംബർ ഒന്നു മുതൽ ഓണ സദ്യ വിളമ്പും

ദുബായ്: സെപ്റ്റംബർ ഒന്നു മുതൽ 13 വരെ എമിറേറ്റ്സ് വിമാനത്തിൽ ഓണ സദ്യ വിളമ്പും. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നുമുള്ള വിമാനത്തിലെ എല്ലാ ക്ലാസുകളിലെയും യാത്രക്കാർക്ക് ഓണവിഭവങ്ങൾ നിറഞ്ഞ സദ്യ വിളമ്പും. കായ വറുത്തതും ശർക്കര ഉപ്പേരിയും മുളകു കൊണ്ടാട്ടവും നാവിൽ രുചിനിറയ്ക്കും. കാളൻ, പച്ചടി, പുളി ഇഞ്ചി തുടങ്ങിയവയും ഉണ്ടാകും. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് പപ്പടവും മാങ്ങാ അച്ചാറും ഒപ്പം മട്ടൺ പെപ്പർ ഫ്രൈയും ലഭിക്കും. സദ്യയോടൊപ്പം പാലട പായസവും ഉണ്ടായിരിക്കും. സദ്യ കഴിയുമ്പോൾ നല്ല മലയാളം പാട്ടുകൾ കേൾക്കാനും അവസരമൊരുങ്ങിയിട്ടുണ്ട്. കൊച്ചിയിലേക്ക് ദിവസേന രണ്ടു സർവീസും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ പതിനൊന്ന് സർവീസുമാണ് എമിറേറ്റ്സിനുള്ളത്.