ദുബായ്: തുഷാർ വെള്ളാപ്പള്ളിയുടെ ചെക്ക് കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് പരാതിക്കാരൻ നാസില്‍ അബ്ദുല്ല പരിചയക്കാരനില്‍ നിന്ന് പണം കൊടുത്ത് വാങ്ങിയതെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തായി. അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യിൽ കിട്ടുമെന്ന് നാസിൽ സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്.
തുക എഴുതാത്ത ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്നും കേസ് കഴിഞ്ഞ് കിട്ടുന്ന തുക പാതി വീതം പങ്കുവെക്കാമെന്നും നാസില്‍ സുഹൃത്തിന് ഉറപ്പ് നല്‍കുന്നുണ്ട്. തുഷാര്‍ ജയിലിലായാല്‍ വെള്ളാപള്ളി ഇടപെടുമെന്നും ചെക്കില്‍ ആറുമില്യണ്‍വരെ കിട്ടുന്ന പണം വാങ്ങി ഒത്തു തീർപ്പാക്കാനാണു തന്‍റെ ഉദ്ദേശമെന്നും ശബ്ദ സന്ദേശത്തില്‍ നാസില്‍ പറയുന്നു. തനിക്ക് തരാനുള്ള പണം കുറെയൊക്കെ തുഷാര്‍ തന്നിട്ടുണ്ട്. പക്ഷെ ഒരു പൈസ പോലും കിട്ടിയിട്ടില്ല എന്ന് താന്‍ പറഞ്ഞാല്‍ തുഷാറിന് അത് തെളിയിക്കാന്‍ കഴിയില്ല. കേസ് നൽകുന്നതിന് രണ്ട് മാസം മുമ്പ് കേരളത്തിലെ സുഹൃത്തിന് നാസില്‍ അയച്ച ശബ്ദ സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തായത്. ഇത് തന്നെ ചതിയില്‍പ്പെടുത്തിയതാണെന്നും ഇത്തരത്തില്‍ ഒരു ചെക്ക് നല്‍കുകയോ നാസില്‍ അബ്ദുള്ളയുമായി ഇത്രയും വലിയ ഇടപാട് നടത്തിയിട്ടില്ലെന്നും തുഷാർ പറഞ്ഞിരുന്നു. നാസിലിന്റെ പുറത്ത് വന്ന ശബ്ദ സന്ദേശങ്ങൾ തുഷാറിന്‍റെ നിലപാടുകൾ ശരി വയ്ക്കുന്ന രീതിയിലാണ്.