‘ലഗേജ് എടുക്കുമ്പോൾ ഒന്ന് സൂക്ഷിക്കണം’; ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി പുതിയ ബാഗേജ് നിയമങ്ങൾ

മനാമ: ഒക്ടോബർ 1 മുതൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ബാഗേജ് നിയമം നിലവിൽ വരുന്നു. ബാഗേജ് ഹാൻഡ്‌ലിംഗ് സിസ്റ്റത്തിലെ ജാം ഇല്ലാതാക്കുന്നതിനായാണ് പുതിയ നിയമം. ബാഗേജ് ഹാൻഡ്‌ലിംഗ് സിസ്റ്റത്തിലെ ജാം ഷട്ട്ഡൗണുകൾ, കാലതാമസം, യാത്രക്കാർക്കും എയർലൈനുകൾക്കും അസൗകര്യം ഉണ്ടാകുന്നു എന്നി കാരണങ്ങളാലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതെന്ന് ബഹ്‌റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു.

വൃത്താകൃതിയിലുള്ളതും ക്രമരഹിതവുമായ ആകൃതിയിലുള്ള ബാഗുകൾ, അയഞ്ഞ കയറോ സ്ട്രിംഗോ ഉപയോഗിച്ച് കെട്ടിയിരിക്കുന്ന ക്രമരഹിതമായ ബാഗുകൾ, അയഞ്ഞ സ്ട്രാപ്പുകളുള്ള ബാഗുകൾ, പുതപ്പ് പൊതിഞ്ഞ ബാഗുകൾ എന്നിവ ഇനി മുതൽ അനുവദനീയമല്ല. ബേബി സ്‌ട്രോളറുകൾ, സൈക്കിളുകൾ, വീൽചെയറുകൾ, ഗോൾഫ് ബാഗുകൾ എന്നിവയ്ക്ക് നിരോധനമില്ല. സൗഹാർദ്ദപരവും കാര്യക്ഷമവുമായ ഒരു വിമാനത്താവളം പ്രവർത്തിപ്പിക്കാനും ഉയർന്ന സുരക്ഷ ഉറപ്പാക്കാനുമാണ് ബാഗേജ് നിയമം നടപ്പിലാകുന്നതെന്ന് ബി‌എസി ചീഫ് എയർപോർട്ട് ഓപ്പറേഷൻ ഓഫീസർ മൈക്കൽ ഹോഹൻ‌ബെർ‌ജർ പറഞ്ഞു.

പുതിയ നിയമങ്ങൾ ബാഗേജ് ഹാൻഡ്‌ലിംഗ് സിസ്റ്റത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കുകയും എയർപോർട്ട് ജീവനക്കാർക്ക് അവരുടെ ദൈനംദിന ചുമതലകൾ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുകയും ചെയ്യും. അതോടൊപ്പം ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകാൻ സാധിക്കുകയും ചെയ്യും. ചെക്ക്-ഇൻ ഏരിയയിലെ കാലതാമസം ഒഴിവാക്കാൻ, കുറഞ്ഞത് ഒരു പരന്ന പ്രതലമോ സാധാരണ യാത്രാ ബാഗുകളോ അല്ലെങ്കിൽ പരന്ന പ്രതലമുള്ള ശരിയായി പായ്ക്ക് ചെയ്ത ബോക്സുകളോ ഉള്ള ബാഗേജ് ഉപയോഗിക്കാൻ ബി എ സി എല്ലാ യാത്രക്കാർക്കും നിർദ്ദേശം നൽകി.

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടത്തിലെ അത്യാധുനിക ബാഗേജ് ഹാൻഡ്‌ലിംഗ് സിസ്റ്റത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ പുതിയ നിയമങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും. 8.6 കിലോമീറ്റർ ദൈർഘ്യമുള്ള കൺവെയർ ബെൽറ്റിൽ മണിക്കൂറിൽ 4,800 ബാഗുകൾ വരെ പ്രോസസ്സ് ചെയ്യാൻ സാധിക്കും. ബാഗേജ് പാസഞ്ചർ ടെർമിനലുകളിൽ നിന്ന് വിമാനത്തിലേക്ക് നൂതന ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ വഴി കൊണ്ടുപോകുകയും ചെയ്യും. അത് യാത്രക്കാരുടെ വസ്തുവകകൾക്ക് ഉയർന്ന പരിരക്ഷ നൽകും.