മിൽമ പാൽ ലിറ്ററിന് 4 രൂപ വർധിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വർധിപ്പിക്കാൻ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതമാണ് വർധിപ്പിക്കുന്നത്. ക്ഷീരവകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. പുതുക്കിയ വില സെപ്തംബർ 21-ാം തീയതി മുതൽ നിലവിൽ വരും. അഞ്ചുമുതല്‍ ഏഴുരൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ആവശ്യപ്പെട്ടത്‌. എന്നാല്‍ നാല് രൂപ വര്‍ധിപ്പിച്ചാല്‍ മതിയെന്നാണ് സർക്കാർ തീരുമാനം. ഇളം നീല കവർ പാലിന്‍റെ വില 40 ൽ നിന്ന് 44 രൂപയും കടുംനീല കവർ പാലിന്‍റെ വില 41 ൽ നിന്ന് 45 രൂപയുമാകും. പുതുക്കിയ വിലയിൽ 83.75% കര്‍ഷകന് ലഭിക്കും. 2017 ഫെബ്രുവരിയിലാണ് അവസാനമായി മിൽമ പാലിന് വില കൂട്ടിയത്. പാലിന്റെ വില വർദ്ധനവ് ഇത്തവണയും കർഷകനാണ് ഗുണം ചെയ്തിരിക്കുന്നത്.