മനാമ: യുഎഇ ആസ്ഥാനമായുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ വെസ്റ്റേൺ ഇന്റർനാഷണലിന്റെ 72 മത്തേതും ബഹ്റൈനിലെ പതിമൂന്നാമത്തേതുമായ ‘നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ‘ ഗുദൈബിയയിൽ നാളെ (സെപ്റ്റംബർ 12) മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം രാവിലെ പത്തു മണിക്ക് നടക്കുന്ന ചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണർ HE ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ നിർവഹിക്കും. ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സന്നിഹിതരായിരിക്കും. തിരക്കേറിയ നഗരത്തിന്റെ ഒത്ത നടുക്കായി 45,000 ചതുരശ്രയടി വിസ്തീർണത്തിൽ 250ഓളം പാർക്കിംഗ് സ്പേസുമായി 2 ദശലക്ഷം ബഹ്റൈൻ ദിനാർ മുതൽ മുടക്കിൽ നിർമിച്ച പുതിയ ഹൈപ്പർ മാർക്കറ്റ്, നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്റൈനിലെ ഏറ്റവും വലിയ സംരംഭമാണ്. പഴയ കാല ഇന്ത്യൻ, വിദേശ സിനിമകൾ പ്രദർശിപ്പിച്ച് പ്രശസ്തിയാർജ്ജിച്ച അവാൽ സിനിമ സ്ഥിതി ചെയ്തിരുന്ന ഗുദൈബിയയിലെ പുതിയ അവാൽ പ്ലാസയിലാണ് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിനായ് തയ്യാറെടുക്കുന്നത്.
സ്വദേശികൾക്ക് പുറമേ വിവിധ രാജ്യക്കാരായ നിരവധി പ്രവാസികളും സാംസ്കാരിക വൈവിധ്യമൂറുന്ന ക്ലബ്ബുകളും പള്ളികളും ക്ഷേത്രങ്ങളും വ്യത്യസ്തങ്ങളായ നിരവധി റെസ്റ്റോറൻറുകളും നിലകൊള്ളുന്ന രാജ്യത്തെ തിരക്കേറിയ സ്ഥലങ്ങളിലൊന്നായ ഗുദൈബിയയിൽ മികച്ച പാർക്കിംഗ് സൗകര്യങ്ങളോടെ ഒരു ഹൈപ്പർ മാർക്കറ്റ് തുറക്കാനാവുന്നത് ഏവർക്കും പ്രയോജനകരമായിരിക്കുമെന്ന് പ്രതിനിധികൾ പറഞ്ഞു. തിരക്കിൽ നിന്നും മാറി നഗരത്തിന്റെ ഒത്ത നടുക്ക് വാരാന്ത്യ ഷോപ്പിംഗും ഡൈനിംഗും തിരയുന്ന കുടുംബങ്ങൾ ഈ സ്റ്റോർ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ മുന്നിൽ കണ്ട് തന്നെ മിതമായ നിരക്കിൽ മികച്ച സ്വദേശീയ ഉൽപ്പന്നങ്ങൾക്കായിരിക്കും നെസ്റ്റോ പ്രാധാന്യം കൽപിക്കുക. 75,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ഈ വർഷാവസാനത്തോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്രൂപ്പ് പ്രതിനിധികൾ അറിയിച്ചു.