അജ്മാൻ: നാസിൽ അബ്ദുള്ളയ്‍ക്കെതിരെ ക്രിമിനൽ കേസ് നൽകാൻ ഒരുങ്ങി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. നാസിൽ നൽകിയ ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വിശ്വാസ്യയോഗ്യമായ തെളിവുകളില്ലാത്തതിനാൽ അജ്മാൻ കോടതി ഹർജി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് നാസിൽ അബ്ദുള്ളയ്‍ക്കെതിരെ ക്രിമിനൽ കേസ് നൽകാൻ തുഷാർ ഒരുങ്ങുന്നത്. ഗൂഢാലോചനയും കൃത്രിമരേഖ ചമയ്ക്കലും ഉൾപ്പടെയുള്ള കുറ്റങ്ങൾ ആരോപിച്ചാകും പരാതി നൽകുക. ഏകദേശം മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റങ്ങളാണ് നാസിലിനെതിരെ തുഷാർ പരാതിയിൽ ആരോപിക്കുന്നത്. തുഷാറിന്റെ ലെറ്റർ ഹെഡ് എടുത്തു കൊണ്ടുപോയി, അതിൽ കത്ത് ടൈപ്പ് ചെയ്ത് വ്യാജരേഖയുണ്ടാക്കിയാണ് നാസിൽ കേസ് നൽകിയത്. ഇത് കൃത്രിമരേഖ ഉണ്ടാക്കിയ കേസാണ്. എന്‍റെ അറിവില്ലാതെ മറ്റൊരാളുടെ പക്കൽ നിന്ന് ചെക്ക് വാങ്ങിയിട്ടാണ് എനിക്കെതിരെ കേസ് നൽകിയതെന്ന് തുഷാർ പറഞ്ഞു.