റിയാദ്: സൗദിയിലെ എണ്ണക്കമ്പനിയായ അരാംകോയുടെ സംസ്‌കരണ കേന്ദ്രത്തിന് നേരെ ശനിയാഴ്ചയുണ്ടായ ഡ്രോൺ ആക്രമണവും അതേ തുടർന്നുണ്ടായ തീപിടുത്തവും എണ്ണ ഉത്പാദനത്തെ കാര്യമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അപകടമുണ്ടായ പ്ലാന്റില്‍ നിന്നും ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെത്തുടർന്ന് അഞ്ച് ദശലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്നാണ് വിവരം. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില അഞ്ചുമുതല്‍ പത്ത് ഡോളര്‍ വരെ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസേന 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള, 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്‍ലൈനിനു നേരെയായിരുന്നു ആക്രമണം. എണ്ണ പമ്പിങ് താല്‍കാലികമായി നിര്‍ത്തിവച്ചതായി സൗദി ഭരണാധികാരി അബ്ദുല്‍ അസീസ് രാജാവ് അറിയിച്ചു. പ്ലാന്റിനുണ്ടായ കേടുപാടുകള്‍ വലിയ തോതില്‍ ഉത്പാദനം കുറയ്ക്കും. ദിവസേന ഏഴു ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്‍റിനുണ്ട്. അപകടത്തോടെ, അഞ്ചു ദശലക്ഷം ബാരലിന്റെ കുറവ് വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൗദിയുടെ എണ്ണ ഉത്പാദനം കുറയുന്നതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്.